കണ്ണൂർ: കൗമരക്കാർ നാടുവിടുന്നതിൽ ആശങ്കയിലാണ് പൊലീസ്. കാണാതാകുന്ന കൗമാരക്കാരെ കണ്ടെത്തുന്നതിനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകൾ വേറെയും. കാണാതാകുന്ന കൗമാരക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും സോഷ്യൽമീഡിയ ഉപയോഗിക്കാത്തതുമാണ് പൊലീസുകാരെ കുഴയ്ക്കുന്നത്. ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് ഒന്നര മാസം പിന്നിട്ടു. പതിനേഴുകാരൻ എവിടെയെന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് യാതൊരു സൂചനയുമില്ല.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നാണ് ശിവസൂര്യയുടെ അച്ഛൻ ജിഗീഷിന്റെ ആവശ്യം. ശിവസൂര്യയുടെ തിരോധാനത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടോയെന്ന് സംശയിക്കുന്നതായും കുടുംബം പറയുന്നു. ഒളിവിൽ കഴിയാൻ ആരോ സഹായിക്കുന്നുവെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നിലവിൽ അന്വേഷണ സംഘം 200ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും അതിലൊന്നും ശിവസൂര്യയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടില്ല. ശിവസൂര്യയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങിയിരുന്നു. ഒരാഴ്ച പരിശോധന നടത്തിയിട്ടും ശിവസൂര്യയെക്കുറിച്ച് സൂചനകളൊന്നുമുണ്ടായിരുന്നില്ല. യു.പി പൊലീസിന്റെ സഹായത്തോടെ 100ലേറെ സിസിടിവി ക്യാമറകളും പരിശോധിച്ചു.
മൊബൈൽ ഫോൺ വാങ്ങിവച്ചതിന്റെ പേരിൽ കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് ശിവസൂര്യ വീടുവിട്ട് പോയത്. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പ് എഴുതി വെച്ചായിരുന്നു ശിവസൂര്യയുടെ നാടുവിടൽ.
പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്.ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ടു പേരാണുള്ളത്.
എന്തുകൊണ്ട് കൗമരക്കാർ നാടുവിടുന്നു?
പരീക്ഷ, മാർക്ക്, ഭാവിയെക്കുറിച്ചുള്ള അമിത പ്രതീക്ഷകൾ, പ്രണയബന്ധങ്ങൾ, പ്രണയത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വീട്ടുകാരുടെ എതിർപ്പ് തുടങ്ങിയവയെല്ലാം നാടു വിടുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളും കാരണമാകാറുണ്ട്. വീട്ടിൽ സ്‌നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നൽ, സോഷ്യൽ മീഡിയയുടെ സ്വാധീനം ഇവയെല്ലാം നാടു വിടുന്നതിന് കാരണമാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |