SignIn
Kerala Kaumudi Online
Sunday, 13 September 2026 1.42 AM IST

കൂട്ട പിരിച്ചുവിടൽ കഴിഞ്ഞപ്പോൾ ജീവനക്കാരില്ല : താളം തെറ്റി ക്ഷേമനിധി ബോർഡ് ഓഫീസുകൾ

kshemanidhi

കാസർകോട്: ജീവനക്കാരുടെ ക്ഷാമം മൂലം ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം അവതാളത്തിലായി. എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് ക്ഷേമനിധി ബോർഡുകളിൽ ജോലി ചെയ്തുവന്നിരുന്ന മുഴുവൻ ജീവനക്കാരെയും യു.ഡി.എഫ് സർക്കാർ 'വാക്കാൽ ഉത്തരവിൽ' പറഞ്ഞുവിട്ടതിന് പിന്നാലെയാണിത്. കൂട്ടപിരിച്ചുവിടലോടെ ക്ഷേമനിധി ബോർഡുകളുടെ ജില്ലാ ഓഫീസുകൾ പൂർണമായും പ്രതിസന്ധിയിലായി.

ബിൽഡിംഗ് കൺസ്ട്രക്ഷൻ വെൽഫെയർ ബോർഡ്, ഇൻഫർമേഷൻ ടെക്നോളജി വെൽഫെയർ, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, ടോഡി വെൽഫെയർ ഫണ്ട് ബോർഡ്, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് ബോർഡ്, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, പ്രവാസി ക്ഷേമനിധി ബോർഡ്, കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ്, ഖാദി തൊഴിലാളി ബോർഡ്, കയർ, കൈത്തറി, ചുമട്ട്, മൽസ്യതൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ ഓഫീസുകൾ കടുത്ത പ്രതിസന്ധിയിലാണ്. മിക്ക ബോർഡുകളിലും ദിവസവേതനാടിസ്ഥാനത്തിലെ തൊഴിൽ ചെയ്തു വരുന്നവരെ മുഴുവനായും പിരിച്ചു വിട്ടിട്ട് മാസങ്ങളായി.

വീതം വെപ്പിൽ തീരുമാനമായില്ല

യു.ഡി.എഫിൽ ക്ഷേമനിധി ബോർഡുകൾ ഘടകകക്ഷികൾക്ക് വീതം വെക്കുന്ന ചർച്ചകൾ തുടങ്ങിയതേയുള്ളൂ. ക്ഷേമനിധി ബോർഡുകളുടെ ചെയർമാൻ സ്ഥാനം നിശ്ചയിച്ച് ചുമതല ഏറ്റെടുത്താൽ മാത്രമെ പുതിയ നിയമനം നടക്കുകയുള്ളു. താൽക്കാലികക്കാർക്കായി പാർട്ടിതല ലിസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ബോർഡ് അദ്ധ്യക്ഷ പദവി കൈയാളുന്ന പാർട്ടികൾ മുന്നണിയിലെ മറ്റു പാർട്ടിക്കാരെ അടുപ്പിക്കില്ലെന്ന പ്രശ്നവുമുണ്ട്. വനം വകുപ്പിൽ ആർ.എസ്.പി നേതൃത്വം സ്വന്തം പാർട്ടിക്കാരെ മാത്രം നിയമിച്ചത് യു.ഡി.എഫിൽ വലിയ എതിർപ്പ് ഉണ്ടാക്കിയിരുന്നു. ചെറുപാർട്ടികളുടെ ഈ നീക്കത്തിന് തടയിടാൻ ഭൂരിഭാഗം ബോർഡുകളും എറ്റെടുക്കണമെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ സജീവമാണ്.

പാടെ മുടങ്ങി സഹായവിതരണം

ഇതുമൂലം പെൻഷൻ, വിധവ പെൻഷൻ, വിദ്യാഭ്യാസ ആനുകൂല്യം, മരണാനന്തര ആനുകൂല്യം, ക്യാഷ് അവാർഡ്, സ്കോളർഷിപ്പ്, വിവാഹ ധനസഹായം, മരണാനന്തര സഹായം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളുടെ വിതരണവും പാടെ നിലച്ചിരിക്കുകയാണ്. മുഴുവൻ ബോർഡ് ഓഫീസുകളിലും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ മാത്രമാണുള്ളത്. മുഴുവൻ ജോലികളും ഇവർക്ക് മാത്രമായി ചെയ്യാനും പറ്റില്ല. നൂറുകണക്കിന് ജീവനക്കാരാണ് ക്ഷേമനിധി ബോർഡുകളിൽ നിന്നും പിരിഞ്ഞുപോകേണ്ടിവന്നത്.

തപാൽ അയക്കാനും ജില്ലാ ഓഫീസർമാർ പോകണം

തപാൽ അയക്കാൻ പോസ്റ്റ് ഓഫീസിൽ പോകുന്ന ഡ്യൂട്ടി വരെ ജില്ലാ ഓഫീസർമാരെ ചെയ്യേണ്ടുന്ന സ്ഥിതിയാണുള്ളത്. ക്ഷേമനിധി ബോർഡുകളുടെ ഓഫീസുകൾ പ്രതിസന്ധിയിൽ ആയതോടെ നിരവധി തൊഴിൽ മേഖലകളിലെയും സ്വയം തൊഴിൽ ദാതാക്കളും അടങ്ങുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ക്ഷേമാനുകൂല്യങ്ങൾ അനിശ്ചിതത്വത്തിലുമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL