SignIn
Kerala Kaumudi Online
Sunday, 13 September 2026 1.29 AM IST

പഠനം അച്ഛന്റെ തട്ടുകടയിൽ ബിച്ചുവിന് പാചകം പാഷനും ജീവിതവും

READ ENGLISH VERSION
t

കൊല്ലം: കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയാൽ ബിച്ചു അച്ഛൻ നടത്തുന്ന തട്ടുകടയിലേക്ക് ഓടും. പുലർച്ചെ ഒന്നുവരെ നീളുന്ന പാചകത്തിനും ഭക്ഷണ വിതരണത്തിനുമിടയിൽ പഠനം. കൊല്ലം എസ്.എൻ കോളേജിലെ ബി.എ ജേർണലിസം മൂന്നാംവർഷ വിദ്യാർത്ഥിയായ ഈ 21കാരന് ഫലം വന്ന മൂന്ന് സെമസ്റ്ററിലും 85 ശതമാനം മാർക്ക്! വീട് ബാങ്കുകാർ ജപ്തി ചെയ്യാതിരിക്കാനാണ് തട്ടുകടയിലെ പാചകക്കാരനായത്.

പത്താം ക്ലാസിൽ ഫുൾ എ പ്ലസും പ്ലസ് ടുവിന് അഞ്ച് എ പ്ലസും നേടി. ഷെഫ് ആകണമെന്നായിരുന്നു ബിച്ചുവിന്റെ സ്വപ്നം. സ്വകാര്യ സ്ഥാപനത്തിൽ ചേരാനുള്ള പണമില്ലാത്തതിനാൽ സ്വപ്നം ഉപേക്ഷിച്ച് ജേർണലിസത്തിന് ചേരുകയായിരുന്നു.

വീട്ടിൽ നിന്നു തട്ടുകടയിലേക്ക് ഇറങ്ങും മുമ്പ് നോട്ടുകൾ ഫോണിൽ ഫോട്ടോയെടുത്ത് വയ്ക്കും. പി.ഡി.എഫ് നോട്ടുകളും കൈയിൽ കരുതും. കടയിൽ തിരക്കില്ലാത്തപ്പോൾ അതെടുത്ത് വായിക്കും. കൂടുതൽ സമയം പഠിക്കാൻ കിട്ടാത്തതിനാൽ അദ്ധ്യാപകർ പഠിപ്പിക്കുമ്പോൾ ശ്രദ്ധിച്ചിരിക്കും.

കൊല്ലം പോളയത്തോട്ടിലാണ് അച്ഛൻ ബിനുലാലിന്റെ തട്ടുകട. അമ്മ ബിനിതകുമാരിയും അമ്മൂമ്മ ഇന്ദിരയും സഹായികളായുണ്ട്. ഇടയ്ക്ക് സഹോദരൻ ബിപിൻലാലും എത്തും.

കറി സ്പെഷ്യലിസ്റ്റ്

ചിക്കൻകറിയും ചിക്കൻ ചില്ലിയും ബീഫ് റോസ്റ്റും ബീഫ് ഫ്രൈയും തയ്യാറാക്കുന്നത് ബിച്ചുവാണ്. തിരക്കുള്ള ദിവസങ്ങളിൽ പൊറോട്ടയും അടിക്കും. ദിവസം 200 രൂപ അച്ഛനിൽ നിന്നു വാങ്ങും. ബാക്കി വായ്പ അടച്ചു തീർക്കാനുള്ള ബിച്ചുവിന്റെ വിഹിതമാണ്.

വീടുവച്ചു, കടത്തിലായി
ബിനുലാലിന് നേരത്തെ സ്വന്തമായി മിനിലോറി ഉണ്ടായിരുന്നു. ബാങ്കിൽ നിന്ന് ഏഴുലക്ഷം രൂപ വായ്പയെടുത്ത് വീടുവച്ചു. ഓട്ടം കുറഞ്ഞ് ലോറി വിറ്റതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ബിച്ചു നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ തട്ടുകട തുടങ്ങിയത്. ആദ്യം പാചകത്തിനും മറ്റും തൊഴിലാളികളുണ്ടായിരുന്നു. അവരുടെ ശമ്പളം കഴിഞ്ഞ് കാര്യമായി മിച്ചം ഇല്ലാതെ വന്നതോടെയാണ് ബിച്ചുവും അമ്മയും സഹോദരനും ഉൾപ്പെടെ തൊഴിലാളികളായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA