
കണ്ണൂർ: കേരള-കർണാടക അതിർത്തിയിൽ സ്ഥാപിക്കേണ്ട വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് മാറ്റി സ്ഥാപിച്ചതിൽ പ്രതിഷേധം .നിലവിൽ അതിർത്തിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെ ഇരിട്ടിക്ക് സമീപം കല്ലുമുട്ടിയിലാണ് പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ച് കണ്ടെയ്‌നർ സംവിധാനത്തിലാണ് പുതിയ ചെക്ക് പോസ്റ്റ് . എന്നാൽ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ പരിശോധിക്കേണ്ട ചെക്ക് പോസ്റ്റ് അതിർത്തിയിൽ നിന്ന് ഇത്രയും ദൂരം മാറ്റി സ്ഥാപിച്ചതിനെതിരെയാണ് പ്രതിഷേധമുയരുന്നത്.
ഇരിട്ടി പാലത്തിന് സമീപത്തായിരുന്നു ആദ്യം വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. പിന്നീട് മാടത്തേക്ക് ഇത് മാറ്റി.പിന്നീട് കൂട്ടുപുഴയിലേക്കും കുറച്ചുകാലത്തിന് ശേഷം വീണ്ടും മാടത്തേക്ക് തന്നെ തിരിച്ചുവന്നു . ഇവിടെയെല്ലാം വാടക കെട്ടിടങ്ങളിലായിരുന്നു പ്രവർത്തനം. ഈ സാഹചര്യത്തിലാണ് സ്ഥിരം സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തോടെ കണ്ടെയ്‌നർ സംവിധാനം ഒരുക്കിയത്.എന്നാൽ കേരള-കർണാടക അതിർത്തിയിൽ പരിശോധന കൂടുതൽ ഫലപ്രദമാകാൻ അതിർത്തിയിൽ നിന്നും മാറിയതിന്റെ സാംഗത്യമാണ് നാട്ടുകാർ ചോദ്യം ചെയ്യുന്നത്. കൂട്ടുപുഴയിൽ മറ്റ് വകുപ്പുകളുടെ ചെക്ക് പോസ്റ്റുകളും കണ്ടെയ്‌നർ സംവിധാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. വനംവകുപ്പ് ചെക്ക് പോസ്റ്റ് കല്ലുമുട്ടിയിലേക്ക് മാറുന്നതോടെ അതിർത്തി കടന്നെത്തുന്ന വാഹനങ്ങളുടെ പരിശോധനയിൽ എന്ത് കാര്യക്ഷമതയുണ്ടാകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
വന്യമൃഗങ്ങളെ കാക്കണം, വനസമ്പത്ത് കടത്ത് തടയണം
വനസമ്പത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം, അനധികൃതമായി മുറിച്ച മരങ്ങളും തടി ഉത്പ്പന്നങ്ങളും കടത്തുന്നത് തടയൽ, വന ഉത്പ്പന്നങ്ങൾ കൊണ്ടുപോകുന്നതിനുള്ള രേഖകൾ പരിശോധിക്കൽ തുടങ്ങിയവയാണ് വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന്റെ പ്രധാന ചുമതലകൾ.വാഹനങ്ങളിൽ കൊണ്ടുപോകുന്ന വന ഉത്പ്പന്നങ്ങളുടെ ഉത്ഭവസ്ഥലം, അളവ്, ലക്ഷ്യസ്ഥാനം, ആവശ്യമായ അനുമതിരേഖകൾ എന്നിവ പരിശോധിക്കുന്നതും ചെക്ക് പോസ്റ്റിന്റെ ഉത്തരവാദിത്വമാണ് .
പരിശോധന എങ്ങനെ കാര്യക്ഷമമാകും
അതിർത്തി കടന്ന ശേഷം കല്ലുമുട്ടിയിലെ ചെക്ക് പോസ്റ്റിലെത്താതെ പോകാൻ നിരവധി റോഡുകളുണ്ട്. പേരട്ട വഴിയും വള്ളിത്തോട് പെരിങ്കിരി വഴിയും ആനപ്പന്തി വഴിയും മാടത്തിൽ വഴിയും വിളമന വഴിയുമെല്ലാം വിവിധ റോഡുകളിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാം. ഈ സാാഹചര്യത്തിൽ അതിർത്തി കടന്ന് തടി ഉൾപ്പെടെ കയറ്റി വരുന്ന വാഹനങ്ങളെ കല്ലുമുട്ടിയിലെ ചെക്ക് പോസ്റ്റിൽ എങ്ങനെ കാര്യക്ഷമായി പരിശോധിക്കുമെന്നും നാട്ടുകാർ ചോദിക്കുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |