
കണ്ണൂർ:കളിമണ്ണിൽ രൂപങ്ങൾ തീർക്കുന്നതിന്റെ കൗതുകവും പരമ്പരാഗത മൺപാത്ര നിർമ്മാണത്തിന്റെ സവിശേഷതകളും നേരിട്ട് പരിചയപ്പെടുത്തി 'ചട്ടീം കലോം'.കണ്ണൂർ ടൗൺ സ്‌ക്വയറിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിച്ച മൺപാത്രനിർമ്മാണ ശിൽപശാലയാണ് വ്യത്യസ്ത അനുഭവമായത്.
അന്യംനിന്നുപോകുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ കലയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള അവസരമെന്ന നിലയിലാണ് ശിൽപശാല സംഘടിപ്പിച്ചത്. കണ്ണപുരം മൊട്ടമ്മൽ സ്വദേശി മാക്കൂട്ടം ബാലനാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. മൺപാത്ര നിർമ്മാണത്തിനാവശ്യമായ കളിമണ്ണ് ശേഖരിക്കുന്നതു മുതൽ അത് രൂപപ്പെടുത്തി വ്യത്യസ്ത രൂപത്തിലുള്ള പാത്രങ്ങൾ നിർമിക്കുന്നതു വരെയുള്ള വിവിധ ഘട്ടങ്ങൾ ബാലൻ സദസിനെ പരിചയപ്പെടുത്തി.
കണ്ണൂർ നഗരത്തിലെ പൊതുഇടങ്ങൾ വ്യത്യസ്ത പരിപാടികളിലൂടെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കളക്ടറേറ്റ് ആംഫി തിയറ്റർ പരിസരത്ത് സംഘടിപ്പിച്ച 'ഇടം' പുസ്തക ചർച്ചയും ശ്രദ്ധേയമായിരുന്നു. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പദ്ധതി (ഡി.സി ഐ.പി) യിലെ ഇന്റേണുകളാണ് പരിപാടിയുടെ ഏകോപനം നിർവഹിച്ചത്.
മൺപാത്ര നിർമാണത്തിൽ പങ്കാളിയായി ജില്ലാ കളക്ടറും
തിരക്കുകൾ മാറ്റിവച്ച് ജില്ലാ കളക്ടർ പി.വിഷ്ണുരാജും ശില്പശാലയിലെത്തി മൺപാത്ര നിർമാണത്തിൽ പങ്കാളിയായി. മൺപാത്ര നിർമ്മാണം നേരിട്ട് മനസ്സിലാക്കാനും പരീക്ഷിച്ചുനോക്കാനും അവസരം ലഭിച്ചതോടെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. പാരമ്പര്യ കലാരൂപങ്ങളെയും പ്രാദേശിക കഴിവുകളെയും പുതുതലമുറയെ കൂടി പരിചയപ്പെടുത്തുന്നതിനായി ഇത്തരത്തിലുള്ള കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |