ഇരിട്ടി: ആറളത്ത് നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി പുരോഗതി ജില്ലാകലക്ടർ പി. വിഷ്ണുരാജ് വിലയിരുത്തി. ആറളം ഫാം സന്ദർശനത്തിന്റെ ഭാഗമായാണ് മതിൽനിർമാണം നടക്കുന്ന ബ്ലോക്ക് 10ലെ പുളിമരം തട്ടിൽ കളക്ടറും സംഘവും എത്തിയത്. ആനമതിൽ നിർമിക്കുന്ന ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ആറ് കിലോമീറ്ററോളം നിർമാണം പൂർത്തിയാക്കിയതായും ബാക്കിയുള്ള 3 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നതായും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.
ഈ വർഷം ഡിസംബർ 31ന് മുമ്പുതന്നെ നിർമാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകി. ഇതിനായി പ്രവൃത്തിയുടെ വേഗം വർദ്ധിപ്പിക്കണം. ആനമതിലനോട് ചേർന്ന് വരുന്ന ജണ്ടകൾ മാറ്റുന്നതിനുള്ള നടപടികളും പ്രദേശത്തെ അടിക്കാടുകൾ വെട്ടിത്തെളിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. ഇവിടെ നിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആർ.ആർ.ടിയുടെ നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകി. ആറളം മേഖലയിലെ സോളാർ ഫെൻസിംഗിലേക്കുള്ള വൈദ്യുതി വിതരണത്തിലെ തകരാറുകൾ പരിഹരിക്കുന്നതിന് അനെർട്ട് അധികൃതരെ ചുമതലപ്പെടുത്തി.
ആറളം ഫാമിംഗ് കോർപറേഷൻ ഓഫീസിൽ നടന്ന ആറളം ഫാം, പുനരധിവാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷമാണ് കളക്ടർ ആനമതിൽ നിർമാണ സ്ഥലം സന്ദർശിച്ചത്. യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ഡി.എഫ്.ഒ കെ. സജി, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ എസ്.എസ് സുധീർ, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ കെ. മൃദുല, ആറളം സൈറ്റ് മാനേജർ ടി. ഷൈജു, ആറളം ഫാമിംഗ് കോർപറേഷൻ അഡ്മിനിസ്‌ട്രേറ്റർ നിധീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ, ആറളം ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, റെയിഞ്ച് ഓഫീസർമാരായ ടി. നിതിൻരാജ്, രമ്യ രാഘവൻ, വിവിധ വകുപ്പ് തലവന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുടിവെള്ള പ്രശ്നത്തിന് പരിഹാരം
1.മേഖലയിലെ കിണറുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം.
2.ജനങ്ങൾക്ക് ഉപജീവന മാർഗം ഉറപ്പുവരുത്തുന്നതിനായി കൃഷി വകുപ്പ് സമർപ്പിച്ച പദ്ധതി വേഗത്തിലാക്കണം
3.സ്റ്റാർട്ടപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങൾ തുടങ്ങാൻ കുടുംബശ്രീക്ക് നിർദ്ദേശം
4.വോട്ടർ ഐഡി കാർഡോ, ജനന സർട്ടിഫിക്കറ്റോ ഉള്ള കുട്ടികളുൾപ്പെടെ മുഴുവൻ പേർക്കും ആധാർ കാർഡ് ലഭ്യമാക്കാൻ നടപടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |