കണ്ണൂർ: ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷഭരിതമായി. മന്ത്രി ഒ.ജെ. ജനീഷിനെ ഡി.വൈ.എഫ്.ഐ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാരും തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും അതിക്രമം കാണിച്ചതിൽ പ്രതിഷേധിച്ചുമാണ് മാർച്ച് നടത്തിയത്. മാർച്ചിനെ തുടർന്ന് നഗരം മണിക്കൂറുകളോളം പൊലീസ് വലയത്തിലായി.
ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. കരിങ്കൊടി പ്രതിഷേധമടക്കമുള്ള ജനാധിപത്യ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്ന സംഘടനയാണ് യൂത്ത് കോൺഗ്രസ്. പത്ത് വർഷത്തെ ദുർഭരണത്തിനെതിരെ തെരുവിൽ പോരാടി തന്നെയാണ് യൂത്ത് കോൺഗ്രസ് മുൻപോട്ട് പോയിട്ടുള്ളത്. എന്നാൽ സമരത്തിന്റെ മറവിൽ ലഹരി ഒഴുക്കി അക്രമം നടത്തുന്ന ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും എന്ത് വില കൊടുത്തും ചെറുക്കുമെന്നും വിജിൽ മോഹനൻ പറഞ്ഞു.
രാഹുൽ വെച്ചിയോട്ട്, നിമിഷ രഘുനാഥ്, ഫർസിൻ മജീദ്, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന യൂത്ത് കോൺഗ്രസ് - പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനം തളാപ്പിൽ നിന്നാരംഭിച്ച് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. മാർച്ചിനോടനുബന്ധിച്ച് പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയത്. ജില്ല കോൺഗ്രസ് ഓഫീസിലും പൊലീസ് വലയം തീർത്തിരുന്നു. പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ വഴിയിലുണ്ടായിരുന്ന കോൺഗ്രസിന്റെ കൊടികളും ബോർഡും നശിപ്പിച്ചു. പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായാണ് മുന്നോട്ടു നീങ്ങിയത്. ബ്ലോക്ക് സെക്രട്ടറി പി.കെ. സനന്ദ്കുമാർ, പ്രസിഡന്റ് പി. അഖിൽ, ട്രഷറർ എം.വി. ലജിത്ത് എന്നിവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ പ്രകടനം അവസാനിച്ചതിനു പിന്നാലെ പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ചും നടത്തി.
കൊടികൾ കത്തിച്ച് യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനത്തിന്റെ സമാപനത്തിൽ കാൽടെക്സിലെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിന് മുൻവശത്ത് വെച്ച് ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും കൊടി കത്തിച്ചു. പൊലീസ് നോക്കി നിൽക്കേയാണ് കൊടികൾ കത്തിച്ചത്. പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യവും വിളിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |