തളിപ്പറമ്പ്: പട്ടുവം മംഗലശേരി പുഴയിൽ നടന്ന മലബാർ ജലമേളയിൽ 25 ആൾ തുഴയുന്ന മത്സരത്തിൽ എ.കെ.ജി
പൊടോതുരുത്തി ഒന്നാം സ്ഥാനം നേടി. പാലിച്ചോൻ അച്ചാംതുരുത്തി രണ്ടാം സ്ഥാനവും അഴീക്കോടൻ അച്ചാംതുരുത്തി
മൂന്നാം സ്ഥാനവും നേടി. 15 ആൾ തുഴയുന്ന മത്സരത്തിൽ അഴീക്കോടൻ അച്ചാതുരുത്തി ഒന്നാം സ്ഥാനം നേടിയപ്പോൾ
രണ്ടാം സ്ഥാനം പാലിച്ചോൻ ബി ടീമും മൂന്നാം സ്ഥാനം എ.കെ.ജി പൊടോതുരുത്തിയും നേടി. വനിതാ വിഭാഗത്തിൽ കൃഷ്ണപിള്ള കാവുംകുടി ഒന്നാം സ്ഥാനവും പാലിച്ചോൻ അച്ചാംതുരുത്തി രണ്ടാംസ്ഥാനവും വയക്കര വെങ്ങാട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
പ്രകൃതി സുന്ദരമായ മംഗലശേരി പുഴയോരത്ത് ജലോത്സവം വീക്ഷിക്കാൻ പതിനായിരക്കണക്കിന് വള്ളംകളി പ്രേമികളാണ് ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ ജല വിസ്മയ കാഴ്ചകളും ജലോത്സവത്തിന്റെ ഭാഗമായി പുഴയിൽ അരങ്ങേറി.
ഒന്നാം സ്ഥാനം നേടിയ ടീമിന് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയ ടീമിന് 50,000 രൂപയും മൂന്നാം സ്ഥാനം നേടിയ ടീമിന് 30,000 രൂപയും സമ്മാനത്തുകയായി നല്കി. പങ്കെടുത്ത എല്ലാ ടീമുകൾക്കും ടി.എയായി 50,000 രൂപ വീതവും നൽകി.
നേരത്തെ ജലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ആനക്കിൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.വി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ഷിജി വട്ടക്കാട്ട് സംസാരിച്ചു. ആന്തൂർ നഗര സഭ ചെയർപേഴ്സൺ വി. സതീദേവി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രമീള രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ദിവാകരൻ, സി. ബാലകൃഷ്ണൻ, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി, വെള്ളിക്കീൽ സെന്റ് തോമസ് ദേവാലയം വികാരി ഫാദർ ലിന്റോ സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു. മലബാർ ജലോത്സവം കൺവീനർ കെ. രതീഷ് സ്വഗതവും നവോദയ ക്ലബ്ബ് പ്രസിഡന്റ് എ. പ്രസന്ന നന്ദിയും പറഞ്ഞു.
വിജയികൾക്കുള്ള സമ്മാനദാനം ചലച്ചിത്ര താരം ബാബു ആന്റണി നിർവ്വഹിച്ചു. സമാപന സമ്മേളനത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ.പി അജിത് സ്വാഗതവും വൈസ് ചെയർമാൻ പി.എസ് ശശികല നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |