കണ്ണൂർ: നിരോധിത മീൻപിടിത്ത രീതിയായ പെയർ ട്രോളിംഗ് (ബുൾ ട്രോളിംഗ്/ ഡബിൾ നെറ്റ്) ജില്ലയിലെ തീരത്ത് വ്യാപകമായതോടെ മലബാർ മേഖലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടാത്ത അവസ്ഥ. നേരത്തെ തെക്കൻ മേഖലയിലായിരുന്നു പെയർട്രോളിംഗ് ഉൾപ്പടെയുള്ള നിരോധിത മീൻപിടിത്തം കൂടുതലും നടന്നിരുന്നത്. ഇവിടെയുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സംഘടിച്ച് പ്രതിരോധിക്കുകയും അധികൃതർ നടപടികൾ കർശനമാക്കുകയും ചെയ്തതോടെ ഇതിന് കുറവുവന്നു. ഇപ്പോൾ പ്രധാനമായും മലപ്പുറം മുതൽ മംഗളൂരു വരെയുള്ള മേഖലകളിലാണ് പെയർ ട്രോളിംഗ് കൂടുതലും നടക്കുന്നത്.
വടക്കൻ ജില്ലകളിൽ കടലിൽ പരിശോധന നടത്തുന്നതിനുള്ള സമഗ്രമായ സംവിധാനങ്ങളില്ലാത്തതാണ് പെയർ ട്രോളിംഗുകാർ മുതലെടുക്കുന്നത്. പെയർ ട്രോളിംഗ് പിടികൂടിയാൽ ബോട്ടുകൾ കണ്ടുകെട്ടാനും ചുരുങ്ങിയത് 2.5 ലക്ഷം രൂപ പിഴ ഈടാക്കാനും നിയമമുണ്ട്. ഫലപ്രദമായ പരിശോധന സംവിധാനമില്ലാത്തതിനാൽ നിയമലംഘകരെ പിടികൂടാൻ കഴിയുന്നില്ലെന്നതാണ് നടപടികൾക്ക് തടസമാകുന്നത്. ജുവനൈൽ ഫിഷിംഗ് തടയാൻ ഹാർബറുകളിൽ പരിശോധന നടത്താറുണ്ടെങ്കിലും പെയർ ട്രോളിംഗ് നടത്തുന്നവർ മീൻകുഞ്ഞുങ്ങളെ കടലിൽ തന്നെ ഒഴിവാക്കുമെന്നതിനാൽ തെളിവുണ്ടാകാറുമില്ല.
കേരളത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി അയല, മത്തി, മുള്ളൻ, മാന്തൽ, സൂത ഉൾപ്പടെ 58 ഇനങ്ങളെ പിടിക്കുന്നതിന് കേരള മറൈൻ ഫിഷറീസ് റഗുലേറ്റിംഗ് ആക്ട് പ്രകാരം വലുപ്പ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അയലയക്ക് ചുരുങ്ങിയത് പത്തു സെന്റീമീറ്റർ നീളവും മത്തിക്ക് 14 സെന്റീമീറ്ററും മാന്തലിന് ഒൻപത് സെന്റീ മീറ്ററും ചൂരയ്ക്ക് 31 സെന്റീമീറ്ററും വേണം. ഇതിൽ താഴെ വലുപ്പമുള്ളവയെ പിടിക്കുന്നത് കുറ്റകരമാണ്.
കടലിലെ മത്സ്യ സമ്പത്ത് കോരിയെടുക്കും
രണ്ടു ബോട്ടുകളിലായി ഇഴയടുപ്പമുള്ള വലകളോ രണ്ടു വലകൾ ചേർത്തു വച്ചോ സമാന്തര രീതിയിൽ സഞ്ചരിച്ച് കടലിലെ മത്സ്യ സമ്പത്ത് കോരിയെടുക്കുന്ന രീതിയാണ് പെയർ ട്രോളിംഗ്. ഇതിൽ മീനുകൾക്കൊപ്പം മത്സ്യക്കുഞ്ഞുങ്ങളും മുട്ടകളും കുടുങ്ങി നശിക്കുന്നത് ഭാവിയിൽ മീൻ ക്ഷാമം രൂക്ഷമാക്കും. വളം നിർമാണ കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്കായി ഭക്ഷ്യയോഗ്യമല്ലാത്ത മീനുകളെയും മറ്റു കടൽജീവികളെയും ഈ രീതിയിൽ പിടികൂടുന്നുണ്ട്. മീൻ, മറ്റു ജീവികൾ എന്നിവ നശിക്കുന്നത് കടലിന്റെ ആവാസ വ്യവസ്ഥയെയും തകിടം മറിക്കും. അതിനാലാണ് നിയമം മൂലം പെയർ ട്രോളിംഗ് നിരോധിച്ചത്. മീൻപിടിക്കാൻ നിശ്ചിത കണ്ണി അകലമുള്ള വലകളേ ഉപയോഗിക്കാവൂ എന്നാണ് നിയമം.
അയല, മത്തി, മാന്തൽ, സൂത എന്നിവ ഇപ്പോഴും കേരള തീരത്ത് നിന്നു ലഭിക്കുന്നുണ്ടെങ്കിലും മുള്ളൻ ഇനങ്ങൾ ഗണ്യമായി കുറഞ്ഞു.
കെ.ടി. മുഹമ്മദ്, മത്സ്യത്തൊഴിലാളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |