SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

പുരപ്പുറ വൈദ്യുതി വിതരണം: സേവ സേതു ക്യാമ്പുകളുമായി കെ.എസ്.ഇ.ബി

solar
സേവ സേതു ക്യാമ്പ് മേയർ അഡ്വ പി ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: പുനരുപയോഗ ഊർജ്ജ വിനിയോഗത്തിൽ ജില്ലയിൽ മുന്നേറ്റം. പി.എം. സൂര്യഘർ പദ്ധതിയിൽ വീടുകളിലും സ്ഥാപനങ്ങളിലും സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നവരുടെ എണ്ണവും കൂടി. വൈദ്യുതി പ്രതിസന്ധിയെ തരണം ചെയ്യാൻ പുരപ്പുറ വൈദ്യുതി നിലയങ്ങളെ പ്രോത്സാഹിപ്പിക്കാൻ കെ.എസ്.ഇ.ബി യുടെ സേവാ സേതു ക്യാമ്പുകൾ വ്യാപിപ്പിക്കുകയാണ്. ഉത്പാദനത്തേക്കാൾ മൂന്നിരട്ടിയോളം വൈദ്യുതി ഇറക്കുമതി ചെയ്യേണ്ട സാഹചര്യം കണക്കിലെടുത്താണ് സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തെ കെ.എസ്.ഇ.ബിയും പ്രോത്സാഹിപ്പിക്കുന്നത്.

കണ്ണൂർ സർക്കിളിൽ മാത്രം 100 മുതൽ 140 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദനമാണ് ഇത്തരത്തിൽ പ്രതീക്ഷിക്കുന്നത്. ഇതിന്റെ അളവ് ഇനിയും കൂട്ടുകയാണ് ലക്ഷ്യം. നല്ല രീതിയിൽ സൂര്യപ്രകാശം കിട്ടുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് ആകെ ആവശ്യമുള്ള പകൽ വൈദ്യുതിയിൽ 22 ശതമാനം വരെ സൗരോർജ്ജ പ്ലാന്റുകളിൽ നിന്നും വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. മൂന്ന് കിലോ വാട്ട് പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കുമ്പോൾ ഇതിൽ നിന്നുമുള്ള പ്രതിദിന ആകെ ഉത്പാദനത്തിൽ നിന്നും 36 ശതമാനത്തോളമാണ് യഥാസമയ ഗാർഹിക ഉപഭോഗത്തിന് വേണ്ടി വരിക. ബാക്കിയുള്ള 64 ശതമാനം വൈദ്യുതി ഗ്രിഡിലേക്ക് നൽകാൻ സാധിക്കും.

1440 മെഗാ വാട്ട്സ്

സംസ്ഥാനത്ത് 4,88,220 അപേക്ഷകരിൽ 3,71, 321 പുരപ്പുറ സൗരോർജ്ജ പ്ലാന്റുകൾ ഇതുവരെ കമ്മിഷൻ ചെയ്തു കഴിഞ്ഞു. 1440 മെഗാ വാട്ട്സ് വൈദ്യുതി ഈ സൗരോർജ്ജ നിലയങ്ങളുടെ സംഭാവനയാണ്. താമസിയാതെ രണ്ടായിരം മെഗാവാട്ടായി ഈ വൈദ്യുതി ഉത്പാദനത്തെ ഉയർത്തുകയാണ് ലക്ഷ്യം. 2026 ഒക്ടോബർ മാസം വരെ 2,395 കോടി രൂപ പി.എം.സൂര്യഘർ വഴി ഉപയോക്താക്കൾക്ക് സബ്സിഡിയായും ഇതിനകം അനുവദിച്ചു.

ലക്ഷ്യം രണ്ടുലക്ഷം സൗരോർജ്ജ നിലയങ്ങൾ
സംസ്ഥാനത്ത് പി.എം. സൂര്യഘർ പദ്ധതിയിൽ രണ്ടു ലക്ഷം സൗരോർജ്ജ നിലയങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും ബോധവത്കരണം പരിപാടികൾ നടക്കും. ഒരു കിലോവാട്ട് നിലയത്തിന് കേന്ദ്ര സർക്കാർ 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയുമാണ് പരമാവധി സബ്സിഡി നൽകുന്നത്. വൈദ്യുതി ബില്ലിൽ ഗണ്യമായ മാറ്റമാണ് ഇതിലൂടെ ലാഭിക്കാൻ കഴിയുക. കുറഞ്ഞ പലിശ നിരക്കിൽ ഈട് രഹിത വായ്പ സൗകര്യവും ലഭിക്കും. നെറ്റ് മീറ്റർ വഴി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് വൈദ്യുതി നൽകാം. കൂടുതൽ വിവരങ്ങൾ 9496018370, 9496266631 ഫോൺ നമ്പറിൽ നിന്നും https://pmsuryaghar.gov.in/ വെബ് സൈറ്റിൽ നിന്നും ലഭ്യമാകും.

കണ്ണൂർ സർക്കിളിൽ മാത്രം രണ്ട് മെഗാവാട്ട് വൈദ്യുതി വീടുകളിലെ സൗരോർജ്ജ നിലയങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. പി.കെ.ബഷീർ, കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL