SignIn
Kerala Kaumudi Online
Thursday, 15 October 2026 11.49 PM IST

അടിയന്തര നഷ്ടപരിഹാരം പോലും എത്തിയില്ല: ഉദയഗിരിയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ ആര് ആശ്വസിപ്പിക്കും

urul

ആലക്കോട്: കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടി നാശനഷ്ടം നേരിട്ടവർക്കുള്ള ധനസഹായം ലഭിക്കുന്നില്ലായെന്ന് ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ ദുരിത ബാധിതർ. കഴിഞ്ഞ ആഗസ്ത് ഒന്നിന് രാത്രിയിലാണ് ഉദയഗിരിയെ പിടിച്ചുലച്ച ഉരുൾപൊട്ടലുണ്ടായത്. രണ്ടാം വാർഡ് താളിപ്പാറയിലെ തൊണ്ടൻ കുന്നും താബോറുമുൾപ്പെടെയുള്ള 26 സ്ഥലങ്ങളിൽ നിന്നും ഉരുൾ പൊട്ടി പാറയും ചെളിയും മണ്ണും നിറഞ്ഞ പ്രളയജലമൊഴുകിയെത്തി വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളുമടക്കം ഒഴുകി പോയത്.

എൺപതോളം വീടുകൾക്കാണ് കനത്ത നാശനഷ്ടമുണ്ടായത്. മുപ്പതോളം റോഡുകളും എട്ട് കലുങ്ക് പാലങ്ങൾക്കും കേടുപാടുണ്ടായി. കിണറും കാലി തൊഴുത്തും നഷ്ടപ്പെട്ടവരുമുണ്ട്. കടകളിൽ വെള്ളം കയറി സാധന സാമഗ്രികൾ ഒഴുകി പോയി. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഉദയഗിരിക്കുണ്ടായത്. അഞ്ഞൂറിൽ പരം കുടുംബങ്ങളെ നേരിട്ട് പ്രകൃതിദുരന്തത്തിനിരയായി . അത്യാഹിതം നടന്നിട്ട് 75 ദിവസം പിന്നിട്ടിട്ടും സർക്കാർ അടിയന്തിര ധനസഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇവിടെ ലഭിച്ചിട്ടില്ല. ഇതെ സമയം ഉരുൾ പൊട്ടി നാശനഷ്ടം നേരിട്ട അയൽപഞ്ചായത്തായ ചെറുപുഴയിൽ അടിയന്തിര ധനസഹായം ലഭിച്ചുവെന്ന് നാട്ടുകാർ പറയുന്നു.


എവിടെ മുഖ്യമന്ത്രിയുടെ ഉറപ്പ്

ദുരന്തം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗ്രാമ പഞ്ചായത്തധികൃതർജില്ലാ കളക്ടർക്ക് വിശദറിപ്പോർട്ട് നൽകിയിരുന്നു. ഇരിക്കൂർ എം.എൽഎയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ള ജനപ്രതിനിധികൾ ജില്ലാ കളക്ടറെ കണ്ണൂരിൽ ചെന്നുകണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. സഹായം വൈകിയതോടെ സജീവ് ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദയഗിരിഗ്രാമ പഞ്ചായത്തു പ്രസിഡന്റും തിരുവനന്തപുരത്തെത്തി നൂറുകോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു വകുപ്പുമന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു.

ധനസഹായം ലഭിക്കാതെ മോഹനൻനായർ പോയി

22 വർഷമായി കിടപ്പുരോഗിയായിരുന്ന താളി പാറയിലെ ജിഷ ഭവനിൽ മോഹനൻ നായർ വീട്ടിൽ ചെളിയും മണ്ണും അടിഞ്ഞതിനെ തുടർന്ന് ദുരിതാശ്വാസക്യാമ്പിലും പിന്നീട് വാടകവീട്ടിലുമായാണ് കഴിഞ്ഞിരുന്നത്. വീട് പുനർനിർമ്മിക്കണമെന്ന ആഗ്രഹവും ഉള്ളിൽ വച്ചാണ് ഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.അടിയന്തര ദുരിതാശ്വാസതുക പോലും ഈ കുടുംബത്തിന് ലഭിച്ചില്ല. മണ്ണു മൂടിക്കിടക്കുന്ന വീട്ടിൽ ഭയപ്പാടോടെ അന്തിയുറങ്ങുന്ന ഉദയഗിരിയിലെ തേരനാം കുടിയിൽ സുനിൽ, മുറ്റം ഒലിച്ചുപോയി അപകടാവസ്ഥയിലുള്ള വീട്ടിൽ കഴിയുന്ന താളിപ്പാറയിലെ സുരേഷ് കുമാർ, രണ്ടു മുറിയുള്ള കൊച്ചു കട ഒഴുക്കിൽപ്പെട്ട് തകർന്ന മൂന്നാംതോട്ടിലെ കടവൻ ക്കുന്നേൽ തോമസ് എന്നിവരെപ്പോലെ നിരവധി പേരാണ് ഇവിടെ ദുരന്തമുഖത്ത് കഴിഞ്ഞുകൂടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL