
പാലോട്: ജീവൻപണയംവെച്ചുവേണം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പേരയം -താളിക്കുഴി റോഡിലൂടെ യാത്രചെയ്യാൻ. റോഡിന്റെ ഇരുഭാഗവും വൻ കുഴികളായതോടെ വാഹനങ്ങൾക്ക് സൈഡ് നൽകാനോ കാൽനടയാത്രക്കാർക്ക് യഥേഷ്ടം സഞ്ചരിക്കാനോ കഴിയാറില്ല. വലിയ വാഹനങ്ങൾ റോഡിലൂടെ വരുമ്പോൾ ഓട്ടോറിക്ഷകളും ഇരുചക്ര വാഹന യാത്രക്കാരും പെട്ടതുതന്നെ. നിയന്ത്രണം അല്പം പിഴച്ചാൽ അപകടം ഉറപ്പ്. ഒരു വർഷം മുമ്പാരംഭിച്ച പേരയം - താന്നിമൂട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ചതോടെ റോഡും തകർന്നുതുടങ്ങി. കനത്ത മഴ ആരംഭിച്ചതോടെ അപകടങ്ങൾക്ക് യാതോരുകുറവുമില്ല. മുതുവിള പാലുവള്ളി നന്ദിയോട് റോഡിന്റെ നിർമ്മാണം യാതൊരുതടസവുമില്ലാതെ 90 ശതമാനത്തോളം പൂർത്തിയായി. കേരള റോഡ് ഫണ്ട് ബോർഡിനാണ് പതിമൂന്നരകിലോമീറ്റർ വരുന്ന റോഡിന്റെ ചുമതല. 13,45,00,000 രൂപയ്ക്കാണ് കരാർ എടുത്തിരിക്കുന്നത്. വർക്കല പൊന്മുടി ടുറിസം ലക്ഷ്യമിട്ടാണ് ഈ റോഡുകൾ പണിയുന്നത്. എംസി റോഡുമായും,ടി. എസ് റോഡുമായും വളരെ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഈ റോഡുകൾക്ക് കഴിയും. പേരയം താന്നിമൂട് റോഡിന്റെ നിർമ്മാണം എത്രയും വേഗം പുനഃരാരംഭിക്കണമെന്നും റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ അർഹമായ നഷ്ടം നൽകണമെന്നും ഡി.പി.ആർ അനുസരിച്ച് ബാഹ്യ ഇടപെടൽ ഇല്ലാതെ പണിപൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അവഗണന ഇനിവേണ്ട
റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് റോഡ് നിർമ്മാണം പുനഃരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒൻപത് മാസത്തോളമായി റോഡിന്റെ നിർമ്മാണം നടക്കാതായിട്ട്. റോഡിന്റെ ഇരുവശങ്ങളിലും ഇറക്കിയ മെറ്റിൽ നിരന്ന് വഴിനടക്കാൻ പറ്റാതായി. പിഡബ്ല്യു.ഡി ചുമതലയിലുള്ള ഈ റോഡിന്റെ നിർമ്മാണ സാമഗ്രികളിൽ മുക്കാൽ പങ്കും കോൺട്രാക്ടർ തിരികെ കൊണ്ടുപോവുകയും പണി നിറുത്തിവയ്ക്കുകയുമായിരുന്നു. ഡി.പി.ആറിൽ ഉൾപ്പെടുത്താത്ത ജോലികൾ ചെയ്താൽ കോൺട്രാക്ടർക്ക് നഷ്ടംവരുമെന്നതിനാലാണ് റോഡ് നിർമ്മാണം നിറുത്തിയതെന്നും ആക്ഷേപമുണ്ട്.
ഏറെ ദുഷ്കരം യാത്ര
പേരയം മുതൽ താന്നിമൂടുവരെയുള്ള നാലരകിലോമീറ്റർ റോഡ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ബി.എം, ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കാനാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. എന്നാൽ കുടവനാട് മുതൽ പേരയംവരെയുള്ള ഭാഗത്തെറോഡ് മാത്രമാണ് ഭാഗികമായി പണിനടത്തിയത്. വാഹനയാത്ര ഏറെ ദുഷ്കരമായ കുടവനാട് മുതൽ പേരയം വരെയുള്ള ഭാഗംകൂടി പണിയണം. താളിക്കുന്നുമുതൽ പേരയംവരെയുള്ള റോഡിന്റെ ഒരുഭാഗത്ത് റോഡുവികസനത്തിനാവശ്യമായ പുറംപോക്ക് ഭൂമിയുള്ളതായി താലൂക്ക് സർവ്വേയിൽ കണ്ടെത്തിയിട്ടുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |