SignIn
Kerala Kaumudi Online
Monday, 19 October 2026 4.58 AM IST

ബി. ടെക്കുകാരന്റെ മുറ്റത്ത് മായമില്ലാത്ത ശർക്കര

ph-
ശ്രീജിത്ത് (ഇടത്തുനിന്ന് രണ്ടാമത്) കുടുംബത്തോടൊപ്പം

കണ്ണൂർ: മായമില്ലാത്ത ശർക്കര വീട്ടുമുറ്റത്ത് ഒരുക്കി വിജയഗാഥ രചിക്കുകയാണ് പരിയാരം ഏമ്പേറ്റ് സ്വദേശി ബി.ടെക്കുകാരൻ പി. ശ്രീജിത്ത്. തുടങ്ങി നാലു മാസം പിന്നിടുമ്പോഴേക്കും ജനപ്രിയമാവുകയാണ് 'ചെമ്പകം" ബ്രാൻഡ് ശർക്കര. പയ്യന്നൂർ സി.ഇ.ടി കോളേജിൽ നിന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ബിരുദം നേടിയ ശ്രീജിത്ത് പല സ്ഥാപനങ്ങളിലും ജോലി ചെയ്തെങ്കിലും തൃപ്തനായില്ല. സ്വന്തമായൊരു സംരംഭം. അതായിരുന്നു സ്വപ്നം. അതിനിടെയാണ് മായം ചേരാത്ത ശർക്കരയെക്കുറിച്ചുള്ള ചിന്ത മനസിലുദിച്ചത്.

കർണാടകയിൽ ഏറ്റവും കൂടുതൽ കരിമ്പ് കൃഷിയുള്ള ജില്ലകളിൽ ഒന്നാണ് ചാമരാജനഗർ. അവിടേക്കു വണ്ടികയറി. കരിമ്പിൻ പാടങ്ങളും വ്യവസായ യൂണിറ്റുകളും സന്ദർശിച്ചു. ശർക്കര നിർമ്മാണത്തിന്റെ ഓരോ ഘട്ടവും കണ്ടുപഠിച്ചു. നിറമോ രാസവസ്തുക്കളോ ചേർക്കാതെ ശർക്കര നി‌ർമ്മിക്കാനുള്ള വിദ്യ മനസിലാക്കി. ആവശ്യമായ യന്ത്രങ്ങൾ ഗുജറാത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമെത്തിച്ച് വീടിനോടു ചേർന്ന് യൂണിറ്റ് സ്ഥാപിച്ചു. 10 ലക്ഷം രൂപയാണ് മുടക്കുമുതൽ. ഒരു കിലോ, അര കിലോ പാക്കറ്റുകളിലായി കിലോയ്ക്ക് 180 രൂപ നിരക്കിലാണ് വില്പന. 100 ലിറ്റർ കരിമ്പ് ജ്യൂസിൽനിന്ന് 18 കിലോ ശർക്കര ഉത്പാദിപ്പിക്കാം. ദിവസം 50 കിലോ ഗ്രാം ശർക്കരയാണ് ഇപ്പോൾ നിർമ്മിക്കുന്നത്.

പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭക രൂപവത്കരണ പദ്ധതിയുടെ (പി.എം.എഫ്.എം.ഇ) ഭാഗമായാണ് സംരംഭം തുടങ്ങിയത്. വ്യവസായ വകുപ്പിന്റെ സഹകരണവുമുണ്ട്. അടുത്ത ഘട്ടത്തിൽ ശർക്കര ഉപ്പേരി, ചുക്കുകാപ്പിപ്പൊടി തുടങ്ങിയവ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അച്ഛൻ കെ. ശ്രീധരനും അമ്മ പി. അനിതയും സഹോദരങ്ങളായ ശ്രീകാന്തും ശ്രീനാഥും ഒപ്പമുണ്ട്.


ഉത്പാദനം ഇങ്ങനെ
1. കരിമ്പ് വൃത്തിയാക്കി ക്രഷറിൽ ചതച്ച് ചാറെടുത്ത് അരിച്ചെടുക്കും
2. ഉയർന്ന ചൂടിൽ ഇത് മണിക്കൂറുകളോളം തിളപ്പിക്കും
3.നന്നായി കുറുകിയാൽ ട്രേയിലൊഴിച്ച് തണുപ്പിച്ച് മുറിച്ചെടുക്കും
4. കരിമ്പിൻ ചണ്ടി പശുക്കൾക്കുള്ള തീറ്റയായി മാറ്റും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL