
പത്തനംതിട്ട : രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വീടിനടുത്തുള്ള സർക്കാർ ഓഫീസിൽ 17 വർഷവും മൂന്നു മാസവും ജോലി ചെയ്തയാളെ സ്ഥലംമാറ്റി. നേരത്തെ സ്ഥലംമാറ്റിയിട്ടും അതേ ഓഫീസിൽ തിരികെയെത്തിയിരുന്നു. സി.പി.എം അനുകൂല സംഘടനയായ കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജി.ബിനുകുമാറിനെതിരെയാണ് തൊഴിൽ വ്യവസ്ഥ പ്രകാരമുള്ള നടപടി വനംവകുപ്പ് കൈക്കൊണ്ടത്.
ഇതിനെതിരെ ബിനുകുമാർ സമർപ്പിച്ച ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി.
കോന്നി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലാണ് ബിനു 17 വർഷത്തിലധികം ജോലിചെയ്തത്. കോന്നി മങ്ങാരത്തെ വീട്ടിൽനിന്ന് നടന്നുപോകാവുന്ന ദൂരമേയുള്ളൂ ഓഫീസിലേക്ക്. 2024 മേയിൽ റാന്നി ഡിവിഷനിലേക്ക് സ്ഥലംമാറ്റിയെങ്കിലും വൈകാതെ മടങ്ങിയെത്തി.
ആഗസ്റ്റിൽ പുറത്തിറക്കിയ പൊതുസ്ഥലംമാറ്റ ഉത്തരവിലാണ് ബിനുകുമാറിനെ വടശേരിക്കര റേഞ്ച് ഓഫീസിലേക്ക് മാറ്റിയത്. ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. കോന്നി ഓഫീസിൽ മൂന്നു വർഷത്തിൽ താഴെ മാത്രമേ ജോലിചെയ്തിട്ടുള്ളൂ എന്നായിരുന്നു പ്രധാന വാദം. ചെറിയ ഇടവേളയ്ക്കുമുമ്പ് 17 വർഷത്തിലധികം കോന്നി ഓഫീസിൽ ജോലിചെയ്ത കാര്യം മറച്ചുവച്ചത് ട്രൈബ്യൂണലിനെ വനംവകുപ്പ് അറിയിച്ചു. അപേക്ഷ തള്ളിയ ട്രൈബ്യൂണൽ സ്ഥലം മാറ്റ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |