SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 AM IST

പഴയങ്ങാടി റെയിൽവേ അണ്ടർപാസ് നിർമ്മാണം അടുത്തമാസം

vijin
എം. വിജിൻ എം.എൽ.എ പദ്ധതി പ്രദേശത്ത്

പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ അണ്ടർപാസ് നിർമ്മാണം നവംബറിൽ ആരംഭിക്കുമെന്ന് എം. വിജിൻ എം.എൽ.എ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയണമെന്നും എം.എൽ.എ പറഞ്ഞു.

നിലവിലുള്ള അടിപ്പാതയ്ക്ക് സമാന്തരമായി പുതിയ അടിപ്പാത നിർമ്മിക്കുന്നതിന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ 7 കോടി രൂപയാണ് അനുവദിച്ചത്. പഴയങ്ങാടിയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി അന്നത്തെ മുഖ്യമന്ത്രിക്കും ധനകാര്യ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാർക്കും എം.എൽ.എ എന്ന നിലയിൽ നിവേദനം നൽകിയിരുന്നു. റെയിൽവേ അധികൃതർക്കും കത്ത് നൽകി.

ഇതിന്റെ ഭാഗമായി 2021 നവംബർ 17ന് എം. വിജിന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷനിലെ ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എസ്. ഷൺമുഖം, കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ.വി. മനോജ് എന്നിവരടങ്ങിയ സംഘം സ്ഥലം പരിശോധിച്ചു. പദ്ധതി നടപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചതോടെയാണ് പദ്ധതിക്ക് ചിറക് മുളച്ചത്.

പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാമെന്ന് എം.എൽ.എ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് പദ്ധതി തയ്യാറാക്കുന്നതിനായി റെയിൽവേയ്ക്ക് സർക്കാർ സെന്റേജ് തുക കൈമാറുകയും റെയിൽവേ എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് 2023–24 സംസ്ഥാന ബഡ്ജറ്റിൽ അടിപ്പാത നിർമാണത്തിനായി 7 കോടി രൂപ അനുവദിച്ചു. തുടർന്ന് റവന്യൂ വകുപ്പ് അടിപ്പാത നിർമ്മിക്കാനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുകയും അത് പൂർത്തിയാക്കുകയും ചെയ്തു. അടിപ്പാത നിർമാണത്തിനായി റെയിൽവേയ്ക്ക് 5.58 കോടി രൂപ ഡെപ്പോസിറ്റ് ചെയ്തു. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി പാലക്കാട്ടെ സി.എക്സ്. വർഗീസ് ഗ്രൂപ്പാണ് റെയിൽവേയുടെ ഭാഗമായ നിർമാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

ആറു മീറ്റർ വീതിയിൽ പുതിയ അണ്ടർപാസ്

നിലവിലുള്ള അടിപ്പാതയ്ക്ക് സമീപം ആറു മീറ്റർ വീതിയിലാണ് പുതിയ അണ്ടർപാസ് നിർമ്മിക്കുന്നത്. മഴക്കാലത്ത് റെയിൽവേ ട്രാക്കിന് സമീപം നിർമ്മാണം ആരംഭിക്കുന്നതിനുള്ള പ്രായോഗിക തടസ്സങ്ങളാണ് പ്രവൃത്തി വൈകാൻ കാരണമായത്. നവംബർ മാസത്തോടെ നിർമ്മാണം ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളതെന്നും എം.എൽ.എ വ്യക്തമാക്കി.

അടിപ്പാതയോടനുബന്ധിച്ച് അപ്രോച്ച് റോഡിന്റെ ഉപരിതല നവീകരണം, കോൺക്രീറ്റ് ഡ്രൈനുകളുടെ നിർമാണം, വെള്ളം സമീപത്തെ ഡ്രൈനേജ് സംവിധാനത്തിലേക്ക് തിരിച്ചുവിടുന്നതിനുള്ള ക്രോസ് ഡ്രൈയിനുകൾ, ബ്രെയിൻ സ്ലാബ് തുടങ്ങിയ പ്രവൃത്തികളും നടപ്പാക്കും.

കഴിഞ്ഞ 50 വർഷമായി പ്രദേശവാസികൾ കാത്തിരിക്കുന്ന ചിരകാല സ്വപ്നമാണ് പുതിയ അടിപ്പാത. നേരത്തെ അറിയിച്ചതുപോലെ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി ജനങ്ങൾ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം.

എം. വിജിൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL