കണ്ണൂർ: ജില്ലയിലെ പ്രധാന ജലസ്രോതസ്സായ വളപട്ടണം പുഴയിലെ മലിനീകരണം ഗുരുതര നിലയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനാ റിപ്പോർട്ടുകൾ. നാറാത്തിൽ നിന്നെടുത്ത സാമ്പിളിൽ രാസ ഓക്സിജൻ ആവശ്യകത (സി.ഒ.ഡി) ലിറ്ററിന് 3584 മില്ലിഗ്രാമാണ്. അനുവദനീയമായ പരിധി 250 മില്ലിഗ്രാമാണെന്നിരിക്കെ, ഇത് 14 ഇരട്ടിയിലേറെയാണ്. പറശ്ശിനിക്കടവിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ കൊളിഫോം ബാക്ടീരിയയും കണ്ടെത്തി.
ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരിശോധനാ ഫലങ്ങൾ പുറത്തുവന്നത്.
ഡ്രെയിനേജുകൾ, കച്ചവട സ്ഥാപനങ്ങൾ, മറ്റ് പ്രാദേശിക സ്രോതസ്സുകൾ എന്നിവിടങ്ങളിൽ നിന്ന് ഒരു ശുദ്ധീകരണവുമില്ലാതെ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നു. വ്യവസായ മേഖലകളിൽ നിന്നും ഡ്രെയിനേജുകളിൽ നിന്നും പുറന്തള്ളാവുന്ന മലിനജലത്തിന്റെ ഉയർന്ന പരിധി പോലും ലംഘിക്കപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകളിലെ വിവരം. മത്സ്യസമ്പത്തിനും ജലജീവികൾക്കും ഇത് വലിയ നാശമുണ്ടാക്കും. സമീപവാസികളുടെ കുടിവെള്ള സ്രോതസ്സുകളിലേക്ക് മാലിന്യം പടരാനുള്ള സാദ്ധ്യതയുമുണ്ട്.
പാപ്പിനിശ്ശേരി, നാറാത്ത്, പറശ്ശിനിക്കടവ് മേഖലകളിൽ ബാക്ടീരിയയുടെയും രാസമാലിന്യങ്ങളുടെയും അളവ് ഉയർന്നതായി കണ്ടെത്തിയത് പ്രദേശവാസികൾക്കിടയിൽ ആരോഗ്യ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ചെങ്കളായി, കൊട്ടിയൂർ, ആന്തൂർ നഗരസഭ, മയ്യിൽ പരിധിയിൽ ഗുരുതര മാലിന്യപ്രശ്നമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാലിന്യത്തോത് ഒറ്റനോട്ടത്തിൽ
നാറാത്ത് സി.ഒ.ഡി 3584 മി.ഗ്രാം/ലിറ്റർ (പരിധി 250)
പാപ്പിനിശ്ശേരി സി.ഒ.ഡി 1544 മി.ഗ്രാം/ലിറ്റർ
പറശ്ശിനിക്കടവ് (ക്ഷേത്രത്തിന് സമീപത്തെ ഡ്രെയിനേജ്) സി.ഒ.ഡി 2288 മി.ഗ്രാം/ലിറ്റർ; ബി.ഒ.ഡി 180 മി.ഗ്രാം/ലിറ്റർ
പറശ്ശിനിക്കടവ് കൊളിഫോം ബാക്ടീരിയ 27,000 സി.എഫ്.യു/100 മില്ലി; ഫീക്കൽ കൊളിഫോം 5,000 സി.എഫ്.യുവരെ
കണ്ടൽക്കാടിനുള്ളിൽ ചില്ലുമാലിന്യക്കൂന
തുരുത്തിയിലെ കണ്ടൽക്കാടുകളോട് ചേർന്ന ഭാഗങ്ങളിലെല്ലാം ആളുകൾ മാലിന്യം തള്ളിയതായും കണ്ടൽ വെട്ടിനീക്കിയ ഇടമുള്ളതായും പരിശോധനയിൽ വ്യക്തമായി. ഒരിടത്ത് പൊട്ടിയ ചില്ലുകഷണങ്ങൾ കുന്നുപോലെ കൂട്ടിയിട്ട നിലയിലാണ്.
ഇരുപതോളം പഞ്ചായത്തുകളിൽ നിന്ന് വിവരങ്ങൾ തേടിയ ശേഷം ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ചേർന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ അനുമതിപത്രങ്ങളില്ലാതെയും ശാസ്ത്രീയ ശുദ്ധീകരണ സംവിധാനങ്ങളില്ലാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തി. പലതും ലൈസൻസ് പുതുക്കിയിട്ടില്ല. പുഴയോരത്തെ ചില സ്ഥാപനങ്ങൾ മലിനജലം പൊതു ഓടകളിലേക്കും പുഴയിലേക്കും നേരിട്ട് ഒഴുക്കുന്നതായും വ്യക്തമായി.
''മാലിന്യം തള്ളുന്ന പുഴയോര കേന്ദ്രങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കണം. റവന്യൂ, പൊലീസ്, വനം, തദ്ദേശ വകുപ്പുകൾ സംയുക്തമായി പുഴ മലിനീകരണത്തിനും പുറമ്പോക്ക് കൈയേറ്റത്തിനും മണ്ണിട്ട് നികത്തലിനുമെതിരെ കർശന നടപടിയെടുക്കണം. പുഴയോരത്തെ കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണം ഉറപ്പാക്കണം''
പി. ധർമ്മൻ, ശാസ്ത്ര സാഹിത്യ പരിഷത്ത്, കണ്ണൂർ മേഖല പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |