SignIn
Kerala Kaumudi Online
Friday, 06 November 2026 5.50 AM IST

ഓപ്പറേഷൻ വെൽഫെയർ ഫണ്ട് ക്ഷേമനിധി ഓഫീസുകളിൽ വിജിലൻസ് പരിശോധന

vigi
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ നടന്ന വിജിലൻസ് റെയ്‌ഡ്‌.

കണ്ണൂർ: പ്രൊജക്റ്റ് സീറോയുടെ ഭാഗമായി ജില്ലയിലെ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ഓഫീസുകളിൽ വിജിലൻസ് പരിശോധന. കെട്ടിടനിർമാണ തൊഴിലാളി, ബീഡി ആൻഡ് സിഗാർ തൊഴിലാളി, കേരള തയ്യൽ തൊഴിലാളി, ചുമട്ടുതൊഴിലാളി, മോട്ടോർ തൊഴിലാളി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എന്നീ ആറ് ക്ഷേമനിധി ഫണ്ട് ഓഫീസുകളിലാണ് കണ്ണൂർ യൂണിറ്റ് വിജിലൻസ് ഡിവൈ.എസ്.പി എം.ടി ജേക്കബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

രാവിലെ 10.30ന് ആരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്. ക്ഷേമനിധി ഓഫീസുകളിലെ ക്രമക്കേടും അഴിമതിയും കണ്ടെത്താൻ ഓപ്പറേഷൻ വെൽഫെയർ ഫണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്.

തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും പിരിച്ചെടുക്കുന്ന തുക കൃത്യസമയത്ത് അതത് ക്ഷേമനിധി അക്കൗണ്ടുകളിൽ അടയ്ക്കാതെ വകമാറ്റുന്നുവെന്നാണ് പ്രധാന പരാതി. അനർഹരായ വ്യക്തികൾക്ക് കൈക്കൂലി വാങ്ങി പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. വ്യാജരേഖകൾ ചമച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായും മരണപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തി പെൻഷൻ തുക തുടർന്നും തട്ടിയെടുക്കുന്നതായ നിരവധിപരാതികളും വിജിലൻസിന് മുൻപാകെയുണ്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ വിജിലൻസ് സംഘം ശേഖരിച്ചു. പരിശോധനയ്ക്ക് വിജിലൻസ് ഇൻസ്പെക്ടർമാരായ പി.എ. ബിനുമോഹൻ, സുനിൽകുമാർ, അനീഷ്, ബി.എസ് ബാവിഷ്, നൗഫൽ എന്നിവരും നേതൃത്വം നൽകി.

സി.എ.ജി പരിശോധനയിലും

ഗുരുതര ക്രമക്കേടുകൾ

ക്ഷേമനിധി ഓഫീസുകളിൽ നടത്തിയ സി.എ.ജി പരിശോധനയിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കെട്ടിടങ്ങളിൽ നിന്നും പിരിക്കുന്ന സെസിൽ അടക്കം കുറവുള്ളതായി ഓഡിറ്റ് പരാമർശമുണ്ട്. കാലതാമസമുള്ള സെസ് അടവിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ പലിശയും ഈടാക്കിയിരുന്നില്ല. ഗുണഭോക്താക്കളുടെ ഡാറ്റയിലും വിശ്വസനീയ യോഗ്യമല്ലാത്ത വിവരങ്ങളാണ്. ബോർഡിന്റെ കരുതൽ ധനത്തിൽ കോടിക്കണക്കിന് രൂപയുടെ കുറവും കണ്ടെത്തി. തൊഴിലാളിക്ക് വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങളും 60 വയസിന് ശേഷം ലഭിക്കേണ്ട പെൻഷനും കുടിശികയാണ്. ക്ഷേമനിധി പെൻഷൻ ലഭിക്കാത്തവർക്ക് പോലും സാമൂഹ്യക്ഷേമ പെൻഷൻ തുകയിലും കുറവ് വരുത്തുന്നതായും പരാതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VIGILENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL