
തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള അന്വേഷണത്തിന് വിജിലൻസ് സംഘമായി. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്നാം യൂണിറ്റിലെ എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം നടത്തുക. കെ.എസ്.ടി.പി റോഡ് പദ്ധതിയുടെ നിർമ്മാണച്ചുമതലയുണ്ടായിരുന്ന പതിബെൽ കമ്പനിയുമായി ചേർന്നു പ്രവർത്തിച്ചിരുന്ന മുൻ കരാറുകാരൻ സാജൻ വി.ഒയുടെ പരാതിയിലാണിത്.
ആഭ്യന്തര വകുപ്പിന്റെ അനുമതി ഇന്നലെ വിജിലൻസ് മേധാവി മനോജ് എബ്രഹാമിന് ലഭിച്ചു. രണ്ടു കോടി കൈക്കൂലി ആവശ്യപ്പെട്ട് ഗ്യാനേഷ് കുമാർ 14 കോടിയുടെ നാലു ബില്ലുകൾ തടഞ്ഞുവച്ചതായി 2006ൽ ആത്മഹത്യ ചെയ്ത പതി ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീൻ വ്യക്തമാക്കിയിരുന്നെന്നാണ് സാജന്റെ പരാതിയിലുള്ളത്. പുതിയ തെളിവുകൾ ലഭ്യമായാലല്ലാതെ വിശദമായ അന്വേഷണം സാദ്ധ്യമാവില്ലെന്ന് വിജിലൻസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പതിബെൽ കമ്പനിയുമായി ബന്ധമുള്ള രണ്ടുപേർ കൂടി ഗ്യാനേഷിനെതിരെ പരാതിയുമായി സർക്കാരിനെ സമീപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |