കണ്ണൂർ: നഗരത്തിൽ കൂട്ടമായി കണ്ണടച്ച് നിരീക്ഷണ ക്യാമറകൾ. കോർപറേഷൻ സ്ഥാപിച്ച 90 കാമറകളും കണ്ണൂർ ടൗൺ പൊലീസ് സ്ഥാപിച്ച 30 ക്യാമറകളിൽ 19 ക്യാമറകളുമാണ് പ്രവർത്തന രഹിതമായി കിടക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ കണ്ണൂർ തളാപ്പിൽ ദേശീയ പാതയോരത്ത് സ്ഥാപിച്ച എ.ഐ ക്യാമറ കാറിടിച്ച് റോഡിൽ നിലംപൊത്തിയിട്ട് മാസങ്ങളായി. ഇത് പുനഃസ്ഥാപിക്കാനും നടപടിയെടുത്തിട്ടില്ല . മാസങ്ങൾ പിന്നിട്ടിട്ടും ഇത് മാറ്റി സ്ഥാപിച്ചില്ലെന്നു മാത്രമല്ല, തകർന്ന തൂണുകൾ പോലും വഴിയരികിൽ നിന്നും മാറ്റാതെ കിടക്കുകയാണ്.
പല നിയമ ലംഘനങ്ങളും കൈയോടെ പിടിക്കുന്ന ക്യാമറകൾ കൂട്ടത്തോടെ പണിമുടക്കിയത് സാമൂഹ്യ വിരുദ്ധർക്ക് പ്രോത്സാഹനമാവുകയും കുറ്റാന്വേഷണത്തിൽ വിലങ്ങുതടിയാവുകയുമാണ്. കോർപറേഷൻ സ്ഥാപിച്ച ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ കോർപറേഷൻ ഓഫീസിനു പുറമേ ട്രാഫിക് പൊലീസ്, പൊലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിലും നിരീക്ഷിക്കുന്നതിനുള്ള അനുവാദമുണ്ടായിരുന്നു. എന്നാൽ പൊലീസ് കൺട്രോൾ റൂമിലും ട്രാഫിക് പൊലീസിലും ഇവ പ്രവർത്തനം നിലച്ചിട്ടും മാസങ്ങളായി.
കോർപറേഷൻ ഓഫീസിലുള്ള മോണിറ്ററിൽ ദൃശ്യങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലഭ്യമല്ല. കഴിഞ്ഞ ദിവസം പൊലീസ് ഒരു ദൃശ്യം ശേഖരിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ ഓഫീസിലെത്തിയെങ്കിലും ദൃശ്യങ്ങൾ ലഭ്യമായില്ല. കണ്ണൂർ സിറ്റി പൊലീസ് കൺട്രോൾ റൂമിലും ട്രാഫിക് പൊലീസിലും ലഭിക്കുന്ന ദൃശ്യങ്ങൾ തുടർന്നും ലഭ്യമാക്കുന്നതിനുള്ള നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കോർപറേഷന് കത്തയച്ചെങ്കിലും മറുപടി പോലും ഇതുവരെ ലഭിച്ചിട്ടില്ലത്രേ.
വേണ്ടത് കോർപ്പറേഷന്റെ ഇടപെടൽ
കോർപറേഷന്റെ ക്യാമറകളുടെ നടത്തിപ്പ് ചുമതലയും പരിപാലനവും കോർപറേഷൻ നേരിട്ട് കൈകാര്യം ചെയ്യാതെ സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ വഴിയാണ് നടപ്പിലാക്കുന്നത്. ഇതാണ് വീഴ്ചകൾക്ക് കാരണമാവുന്നതെന്നാണ് ആക്ഷേപം. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർ ഉൾപ്പെടെ സാമൂഹിക വിരുദ്ധരെ കണ്ടെത്തുന്നതിനാണ് ക്യാമറകൾ സ്ഥാപിച്ചത്. പ്രധാന ജംഗ്ഷനുകളിലും ആൾത്തിരക്കുള്ള ഇടങ്ങളിലും ക്യാമറകൾ ഒരുക്കിയിട്ടുണ്ട്. പതിവായി മാലിന്യം തള്ളുന്ന കേന്ദ്രങ്ങൾ നിരീക്ഷണ ക്യാമറയുടെ വലയത്തിലായിരുന്നു. കണ്ണൂർ നഗരം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം തള്ളൽ പതിവായിരുന്നു. മുൻപ് രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തീവയ്പ്, നഗരത്തിൽ ലോറി ഡ്രൈവറുടെ കൊലപാതകം എന്നിവ ഉൾപ്പെടെ നടന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് സി.സി.ടി.വി ക്യാമറകൾ നഗരം മുഴുവൻ സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |