SignIn
Kerala Kaumudi Online
Sunday, 08 November 2026 9.24 PM IST

പാറക്കലിൽ പണിത ഫ്‌ളോട്ടിംഗ് ബ്രിഡ്ജും ബോട്ട് ജെട്ടിയും നശിക്കുന്നു; കരയ്ക്കടുത്തത് ടൂറിസമല്ല, മാലിന്യം

bridge
പാറക്കലിൽ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്

പാപ്പിനിശ്ശേരി: വളപട്ടണം പുഴയോര വിനോദ സഞ്ചാര മേഖലയുടെ കുതിപ്പിന് പാപ്പിനിശ്ശേരി പാറക്കലിൽ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് ഉപ്പ് വെള്ളത്തിൽ നശിക്കുന്നു. സമീപത്ത് കോടികൾ ചെലവിട്ട് നിർമ്മിച്ച ബോട്ട് ജെട്ടിയുടെ സ്ഥിതിയും സമാനം. 2024 ജനുവരിയിൽ 1.90 കോടി രൂപ ചെലവിട്ടാണ് ബ്രിഡ്ജ് സ്ഥാപിച്ചത്. കേന്ദ്ര സർക്കാർ വിനോദ സഞ്ചാര മേഖലക്ക് അനുവദിച്ച ഫണ്ടിലൂടെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് പദ്ധതി പൂർത്തിയാക്കി ബ്രിഡ്ജ് സ്ഥാപിച്ചത്.
പാപ്പിനിശ്ശേരി പാറക്കലിനെ വിനോദസഞ്ചാര ഹബ്ബാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെയാണ് കോടികൾ ചെലവിട്ട് പദ്ധതി നടപ്പാക്കിയത്. ഉപ്പ് കാറ്റേറ്റ് ബ്രിഡ്ജിന്റെ ഇരുമ്പുഭാഗങ്ങൾ തുരുമ്പെടുക്കുകയും പരിപാലനമില്ലാതെ പദ്ധതി നശിക്കുകയും ചെയ്യുന്നു. ബ്രിഡ്ജിനായി ഒരുക്കിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇതിനോടകം ഉപയോഗശൂന്യമായി. ഫാനുകൾ, പ്രതലം, ഇരിപ്പിടം, മാലിന്യം നിക്ഷേപിക്കുന്ന പാത്രങ്ങൾ, വിളക്കു കാലുകൾ,​ മറ്റു ആഢംബര വിളക്കുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു. ബ്രിഡ്ജിന്റെ കവാടം താഴിട്ട് പൂട്ടിയിട്ടുണ്ടെങ്കിലും സമൂഹവിരുദ്ധർ ഉള്ളിൽ കയറി വിലസുന്നതിന് ഒരു തടസവുമില്ല. അത്തരക്കാർ ചില ഉപകരണങ്ങൾ അടക്കം കടത്തിയതായും നാട്ടുകാർ ആരോപിക്കുന്നു.

വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം നാലുവർഷം മുൻപ് സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജാണ് പിന്നീട് പാറക്കലിലേക്ക് മാറ്റിയത്. വളപട്ടണത്ത് ബ്രിഡ്ജിനു ചുറ്റും മാലിന്യം അടിഞ്ഞുകൂടുകയും രൂക്ഷമായ ദുർഗന്ധം പരക്കുകയും ചെയ്തതോടെ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ജനവാസമേഖലയിൽ പകർച്ചവ്യാധി ഭീഷണി ഉയർത്തിയതോടെ ബ്രിഡ്ജിന്റെ സാമഗ്രികൾ കരയിലെത്തിച്ച് മാസങ്ങളോളം പുഴയോരത്ത് കൂട്ടിയിട്ടു. പിന്നീട് വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ പാറക്കലിൽ എത്തിച്ച് സ്ഥാപിച്ചെങ്കിലും രണ്ടുവർഷം പിന്നിട്ടിട്ടും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല.

വളപട്ടണത്ത് നേരിട്ട അതേ മാലിന്യപ്രശ്നം പാറക്കലിലും ആവർത്തിക്കുകയാണ്. പദ്ധതി ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയതാണ് പണം പാഴാക്കുന്നത്.

നാട്ടുകാർ

പ്രഖ്യാപനങ്ങളും പാഴായി

വളപട്ടണം പുഴയുടെ ഭാഗമായ പാറക്കലിൽ 34 മാസം മുൻപാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. മനോഹരമായ ജെട്ടി, പാർക്ക്, ലഘുഭക്ഷണം ഒരുക്കാനുള്ള ഹട്ടുകൾ തുടങ്ങിയ സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി വാഗ്ദാനങ്ങളായിരുന്നു. പറശ്ശിനിക്കടവ് വിനോദസഞ്ചാര സർക്യൂട്ട് എന്ന പേരിൽ മന്ത്രിമാരും ജനപ്രതിനിധികളും നിരവധി പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും ഒരു പദ്ധതി പോലും യാഥാർത്ഥ്യമാകാത്ത സ്ഥിതിയാണ്. വളപട്ടണം പുഴയിലെ ചെറുദ്വീപുകളെ ബന്ധിപ്പിച്ച് വിനോദസഞ്ചാര സാദ്ധ്യതകൾ വികസിപ്പിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.


കാടുകയറി ബോട്ട് ജെട്ടിയും
പറക്കൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് സമീപം തന്നെ കോടികൾ ചെലവിട്ട് നിർമ്മിച്ച മനോഹരമായ ബോട്ട് ജെട്ടിയും ഉണ്ട്. എന്നാൽ ബോട്ട് ജെട്ടിയും ഫലപ്രദമായി ഉപയോഗിക്കാതെ കവാടമാകെ കാടുകയറി നശിക്കുകയാണ്. ആകർഷകമാക്കിയ ജെട്ടിയിൽ സർവീസ് നടത്തുന്ന ബോട്ട് പോലും അടുക്കാറില്ല. വിനോദ സഞ്ചാരികളുമായി പോകുന്ന സ്വകാര്യ ബോട്ടുകൾ പോലും ഇതിനെ അവഗണിക്കുന്നു. ഇതോടെ ജെട്ടിക്കായി ചെലവഴിച്ച തുകയും പാഴാകുന്ന സ്ഥിതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL