നീലേശ്വരം: ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന 43-ാമത് കേരള സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ താരത്തിളക്കത്തിൽ ദമ്പതികൾ. കരിന്തളത്തെ പി.വി ബിജുവും ഭാര്യ ശ്രുതിയുമാണ് ഈ താരദമ്പതിമാർ.
ബിജു 10,000 മിറ്റർ ഓട്ടമത്സരത്തിലും 5,000 മീറ്റർ ഓട്ടമത്സരത്തിലും സ്വർണ്ണവും, 1500 മീറ്റർ ഓട്ടത്തിൽ സിൽവർ മെഡലും നേടിയപ്പോൾ, ഭാര്യ ശ്രുതി 5000 മീറ്റർ നടത്ത മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി. ജൂണിൽ ശ്രീലങ്കയിലെ കൊളംബോ രാജപക്സെ സ്റ്റേഡിയത്തിൽ നടന്ന 37-ാമത് രാജ്യാന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ ബിജു 5000 മീറ്റർ ഓട്ടത്തിൽ വെള്ളിയും ശ്രുതി 5000 മീറ്റർ നടത്തത്തിൽ സ്വർണ്ണവും നേടിയിരുന്നു. കൂടാതെ പതിനൊന്നോളം സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ഈ ദമ്പതിമാർ മെഡൽവേട്ട നടത്തിയിട്ടുണ്ട്.
ഏഴിമല നേവൽ അക്കാഡമി മിലിറ്ററി എൻജിനീയറിംഗ് സർവീസ് ഉദ്യോഗസ്ഥനും, കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ ട്രഷററുമാണ് ബിജു. ശ്രുതി നവോദയ വായനശാല മുതുകുറ്റി വനിതാ വേദി സെക്രട്ടറിയാണ്. പ്രീ പ്രൈമറി ടീച്ചറായി കഴിഞ്ഞവർഷം വരെ എസ്.കെ.ജി.എം.എ.യു.പി സ്കൂൾ കുമ്പളപ്പള്ളിയിൽ ജോലി ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |