കാസർകോട്: അരങ്ങുകൾ ശൂന്യമാക്കി വിടപറഞ്ഞവർക്ക് നാടകാഞ്ജലിയുമായി 'വനിതാമെസ്' വീണ്ടുമെത്തുന്നു. കൈയടികൾ ഏറെ ഏറ്റുവാങ്ങി, ചിരിപ്പിച്ചും അതിലേറെ സങ്കടപ്പെടുത്തിയും പ്രേക്ഷക മനസ്സിൽ ഇടം നേടിയ കായംകുളം ദേവ കമ്യൂണിക്കേഷന്റെ 'വനിതാമെസ്, ഒടുവിൽ വലിയൊരു വേദനയാവുകയായിരുന്നു.
നാടകാവതരണത്തിനായി സുൽത്താൻ ബത്തേരിയിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തിൽ നടിമാരായ കരുനാഗപ്പള്ളി തേവലക്കര ജെസി മോഹനും കായംകുളത്തെ അഞ്ജലി ഉല്ലാസുമാണ് ജീവിതത്തിന് തിരശീലയിട്ട് മരണത്തിനൊപ്പം മാഞ്ഞുപോയത്. മറ്റ് അഭിനേതാക്കൾക്കും അണിയറ പ്രവർത്തകരിൽ പലർക്കും ഗുരുതര പരിക്കേറ്റു.
നവംബർ 14ന് രാത്രി കണ്ണൂർ കടന്നപ്പള്ളിയിലെ അവതരണത്തിനു ശേഷം വയനാട്ടിലെ പ്രൊഫഷണൽ നാടകമേളയിൽ പങ്കെടുക്കാൻ പോകുംവഴിയായിരുന്നു അപകടം. 15ന് പുലർച്ചെ മൂന്നോടെ കേളകം മലയാംപടിയിൽ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിയുകയായിരുന്നു. അതോടെ നിലച്ചുപോയ അരങ്ങിലേക്കാണ് ഉറ്റവരുടെ ഓർമ്മയിൽ ഇവർ വീണ്ടുമെത്തുന്നത്. മാണിയാട്ട് കോറസ് കലാസമിതി ഒരുക്കുന്ന അതിജീവനത്തിന്റെ അരങ്ങിൽ തിങ്കളാഴ്ച വീണ്ടും 'വനിതാമെസ്' രംഗാവിഷ്കാരം നടത്തും. വൈകിട്ട് 7.30 ന് മാണിയാട്ടാണ് അവത.രണം
അപകടത്തിൽ വിടപറഞ്ഞ അഞ്ജലിക്കും ജെസി മോഹനും പകരക്കാരായി സൂസൻ സാമുവലും ജാസ്മിൻ ജോഷിയും അരങ്ങിലെത്തും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവനായും മരിച്ച നടികളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംഘാടകരായ കോറസ് മാണിയാട്ട് കൈമാറും.
മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം നൽകുന്നതിനൊപ്പം നാടകം ജീവിതമാക്കി പൊലിഞ്ഞുപോയവർക്കുള്ള ശ്രദ്ധാഞ്ജലിയുമാണ് നാടകാവതരണമെന്ന് കോറസ് കലാസമിതി രക്ഷാധികാരി ടി.വി ബാലൻ പറഞ്ഞു. സഹായം നൽകാൻ തീരുമാനിച്ചയുടൻ നടൻ വിജയരാഘവൻ 25,000 രൂപ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. മാണിയാട്ടെയും പരിസരത്തെയും നാടകപ്രേമികൾ മുഴുവൻ സഹായം നൽകാൻ മുന്നോട്ടു വരുന്നുണ്ട്. പ്രദീപ് കുമാർ കാവുന്തറ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിച്ച നാടകത്തിന് നേരത്തെ അറുപതിലേറെ ബുക്കിംഗ് ലഭിച്ചിരുന്നു.
ജീവിതോപാധിക്ക് അപ്പുറം
അരങ്ങിനെ ഇഷ്ടപ്പെട്ടവർ
അരങ്ങിന് മുമ്പിലുള്ളവരെ ചിരിപ്പിച്ചു ചിന്തിപ്പിച്ചും ഒടുവിൽ കരയിച്ചും ജെസി മോഹനും അഞ്ജലിയും ജീവിതത്തിന്റെ തിരശീലക്കു പിന്നിലേക്ക് മറയുകയായിരുന്നു. കേളകത്തെ വാഹനാപകടത്തിൽ മരിച്ച ഇവർ അഭിനയിച്ചു തകർത്ത രംഗങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുമ്പോൾ കാഴ്ചക്കാരുടെ മനസ്സുകളിൽ ബാക്കിയായത് നൊമ്പരം മാത്രമായിരുന്നു. നാടകത്തിൽ ഇരട്ട വേഷത്തിൽ ആയിരുന്നു ജെസി അഭിനയിച്ചിരുന്നത്. അച്ചു എന്ന പെൺകുട്ടിയുടെ വേഷമായിരുന്നു അഞ്ജലിക്ക്. വനിതാ ശാക്തീകരണം വിഷയമായ നാടകം വളരെ പെട്ടെന്നു തന്നെ പേരെടുത്തിരുന്നു. ജീവിതോപാധിക്ക് അപ്പുറം അരങ്ങിനെ അത്രയേറെ ഇഷ്ടപ്പെട്ടവരായിരുന്നു രണ്ടു നടിമാരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |