പിലിക്കോട്: രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഏകോപനത്തിൽ സംഘടിപ്പിക്കുന്ന പ്രദർശന വിപണന മേള സർക്കാറിന്റെ കഴിഞ്ഞ ഒമ്പത് വർഷത്തെ വികസനക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നതിനുള്ള അവസരമാകും. ഏഴ് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മേളയുടെ ഭാഗമായി 73,923 സ്‌ക്വയർ ഫീറ്റിൽ വിപുലമായ പന്തലാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്.
ഇതിൽ 45,940 സ്‌ക്വയർ ഫീറ്റ് ഭാഗം എയർ കണ്ടീഷൻഡ് ആയിരിക്കും. ഇവിടെയാണ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും വിവിധതരത്തിലുള്ള പ്രദർശന പവലിയനുകളും സജ്ജീകരിക്കുന്നത്. കാർഷിക പ്രദർശനത്തിനും ഡോഗ് ഷോയ്ക്കും വേണ്ടി 6,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലുള്ള നോൺ എ.സി പന്തലുകൾ സജ്ജമാക്കും. കൂടാതെ 8,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ വലിയ വേദിയും ഒരുക്കും. മേളയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഫുഡ് കോർട്ടിന് 10,000 സ്‌ക്വയർ ഫീറ്റ് സ്ഥലമുണ്ട്. 1610 സ്‌ക്വയർ ഫീറ്റ് സ്ഥലത്തെ ബയോ ടോയ്ലറ്റ്, കൂടാതെ കുട്ടികൾക്ക് വേണ്ടി പ്രത്യേക ചിൽഡ്രൻസ് സോണും ഒരുങ്ങും.
ദിവസവും കലാപരിപാടികൾ
ഏഴ് ദിവസങ്ങളിലായി വൈകിട്ട് 6 മുതൽ 10 വരെ കലാപരിപാടികൾ അരങ്ങേറും. ഉദ്ഘാടന ദിവസമായ ഇന്ന് സംഗീത നിശ. 22ന് വിവിധ ഗോത്രകലകൾ, നാടകം, നൃത്തം. 23ന് ജീവനക്കാരുടെ കലാപരിപാടികൾ, ഫ്യൂഷൻ ഡാൻസ്, എക്‌സൈസ് വകുപ്പിന്റെ 'കുടമാറ്റം' എന്ന നാടകം, ഭിന്നശേഷി വിദ്യാർഥികളുടെ 'റിഥം', 'ഗസൽ തേൻമഴ'. 24ന് ഗായകൻ കല്ലറ ഗോപന്റെ ഗാനമേളയും കലാമണ്ഡലം സ്വരചന്ദും സംഘവും അവതരിപ്പിക്കുന്ന കഥകളിയും അരങ്ങേറും. 25ന് യുവജനക്ഷേമ ബോർഡിന്റെ മാർഗംകളി, വനിതാ ശിശുവികസന വകുപ്പ് അവതരിപ്പിക്കുന്ന യക്ഷഗാനം, നാടൻപാട്ട്, കണ്ണൂർ യുവകലാസാഹിതിയുടെ 'ആയഞ്ചേരി വല്യശ്മാനൻ' നാടകം. 26ന് പൂരക്കളി, മോഹിനിയാട്ടം, 'ഇശൽരാവ്', കുടുംബശ്രീ കലാസന്ധ്യ. 27ന് സീനിയർ സിറ്റിസൺസ് ഗ്രൂപ്പ് ഡാൻസ്, സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രകടനം, ഫ്യൂഷൻ ഡാൻസ്, തൃശ്ശൂർ കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. ഇന്ന് ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വൈകീട്ട് മൂന്നിന് ഡിജിറ്റൽ സർവ്വേ വെല്ലുവിളികൾ നേട്ടങ്ങൾ വിഷയത്തിൽ സർവ്വേയും ഭൂരേഖയും വകുപ്പ് വിഷയാവതരണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |