SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

അഴീക്കലിലെ ശൈശവ വിവാഹം കേസെടുക്കാൻ അധികൃതർ

chiled

എടച്ചാക്കൈ(കാസർകോട്): അഴീക്കൽ ജുമാ മസ്‌ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിൽ ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.

വലിയപറമ്പ് പഞ്ചായത്തിലെ പതിനാറു വയസ് പ്രായമുള്ള പെൺകുട്ടിയെ പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28 കാരൻ യുവാവാണ് എടച്ചാക്കൈ അഴീക്കൽ പള്ളിയിൽ വെച്ച് ഏപ്രിൽ 13ന് ഉസ്താദിന്റെ കാർമ്മികത്വത്തിൽ 'കാനത്ത് കല്യാണം' നടത്തിയത്. ജനപ്രതിനിധിയായ പള്ളിക്കമ്മിറ്റി സെക്രട്ടറിയാണ് ശൈശവ വിവാഹം നടത്തികൊടുക്കുന്നതിന് നേതൃത്വം നൽകിയതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പള്ളിയിൽ എത്തിയ ശൈശവ നിരോധന വകുപ്പ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ശൈശവ വിവാഹം നടത്തികൊടുത്ത ഉസ്താദിനെ ചോദ്യം ചെയ്തു മൊഴിയെടുത്തിട്ടുണ്ട്. ശൈശവ വിവാഹം നടത്തിയതായി ഉറപ്പുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നേരിട്ട് കണ്ട് അന്വേഷണ സംഘം വിശദമായ മൊഴി എടുത്തിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ കാര്യം പെൺകുട്ടി സമ്മതിച്ചിട്ടുണ്ട്.

ശൈശവ വിവാഹം നിയമം മൂലം നിരോധിച്ചത് ആയതിനാൽ കർശനമായ നടപടി എടുക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിന് കൂട്ടുനിന്നവരെയും കേസിൽ പ്രതി ചേർത്തേക്കും. എടച്ചാക്കൈ അഴീക്കൽ ജമാഅത്ത് സെക്രട്ടറി, പെൺകുട്ടി താമസിക്കുന്ന മഹല്ലിലെ പള്ളിക്കമ്മിറ്റി സെക്രട്ടറി എന്നിവരെയും ചൈൽഡ് ലൈൻ വിളിച്ചുവരുത്തിയിരുന്നു. ശൈശവ വിവാഹത്തിൽ നടപടിയാവശ്യപ്പെട്ട് മഹല്ല് നിവാസികളിൽ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിവരം പുറത്തായത്.

ദൃശ്യങ്ങളിൽ തെളിവുകൾ നശിപ്പിച്ച നിലയിൽ

ചന്തേര പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയ അധികൃതർ ശൈശവ വിവാഹത്തിന് ഒത്താശ ചെയ്ത എടച്ചാക്കൈ അഴീക്കൽ ജുമാമസ്‌ജിദിലെ നിരീക്ഷണ ക്യാമറകളും ഹാർഡ് ഡിസ്കും പിടിച്ചെടുത്തിരുന്നു. എന്നാൽ ചൈൽഡ് ലൈൻ അധികൃതർ പിടിച്ചെടുത്ത ക്യാമറ ദൃശ്യങ്ങളിൽ 'കാനത്ത് കല്ല്യാണം' നടത്തിയ ഏപ്രിൽ 13നുള്ള ദൃശ്യങ്ങൾ മുഴുവൻ മായ്ചുകളഞ്ഞ നിലയിലാണ്. സി.സി.ടി.വി ക്യാമറ ടെക്‌നീഷ്യനെ വരുത്തി പിടിച്ചെടുത്ത ഹാർഡ് ഡിസ്ക്ക് ചൈൽഡ് ലൈൻ അധികൃതരുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സഹായത്തോടെ ഇത് പരിശോധനക്ക് അയയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL