SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

കാലവർഷം: നെഞ്ചിടിപ്പിൽ തീരദേശ ജനത കടലാക്രമണം ചെറുക്കാനുള്ള പദ്ധതികൾ കടലാസിൽ

nanki-
കടൽ ഭിത്തിക്കായി കൊണ്ടിട്ട ചെറിയ കരിങ്കല്ലുകൾ മൊഗ്രാൽ നാങ്കി തീരത്ത് ഉപേക്ഷിച്ച നിലയിൽ.

കാസർകോട്: ജില്ലയിലെ 87.65 കിലോമീറ്റർ കടൽത്തീരത്ത് കടലാക്രമണം ചെറുക്കാൻ ഈ വർഷവും പദ്ധതികളൊന്നുമില്ലാത്തത് കടലോര ജനതയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കാസർകോട് ജലസേചന ഉപവിഭാഗം പദ്ധതികൾ സമർപ്പിച്ചെങ്കിലും തീരുമാനമായിട്ടില്ല.

ഓരോ വർഷവും കലിതുള്ളി വരുന്ന കടലേറ്റം തീരദേശവാസികളെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഇതിൽ ജീവനും വീടും സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്നവർ ഏറെയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇതാണ് ജില്ലയിലെ തീരദേശങ്ങളുടെ സ്ഥിതി.ഓരോ ദുരന്തസമയത്തും സമഗ്ര പദ്ധതികളും പുനരധിവാസവുമൊക്കെ ഭരണകർത്താക്കൾ ഉറപ്പു നൽകുന്നുണ്ടെങ്കിലും ഇവയെല്ലാം കടലാസിലും വാക്കിലും സന്ദർശനത്തിലും ഒതുങ്ങുകയാണ്.

സംരക്ഷണ പദ്ധതികൾക്കായുള്ള മുറവിളി ബന്ധപ്പെട്ടവർ ഗൗരവത്തിൽ എടുക്കുന്നില്ലെന്ന ആക്ഷേപമാണ് തീരദേശ ജനതയ്ക്കുള്ളത്. വർഷങ്ങളായി തീരദേശത്ത് താമസിക്കുന്ന പല കുടുംബങ്ങൾക്കും ഒരുതരി മണ്ണ് പോലും ബാക്കിയാക്കാത്ത തരത്തിലാണ് കടൽ വിഴുങ്ങുന്നത്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം തിരമാലകൾ വിഴുങ്ങുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ ഇവർക്ക് കഴിയുന്നുള്ളൂ.

കൊവ്വൽ, കാപ്പിൽ പ്രദേശങ്ങളിൽ കടൽ ഭിത്തിക്കായി പ്രദേശ വാസികൾ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മൊഗ്രാൽ നാങ്കി പ്രദേശത്ത് കടൽഭിത്തി സ്ഥാപിക്കാൻ കൊണ്ടിട്ട ചെറിയ കരിങ്കല്ലുകൾ നാട്ടുകാരുടെ എതിർപ്പു മൂലം കഴിഞ്ഞ മൂന്നുവർഷത്തോളമായി കടൽത്തീരത്ത് ഉപേക്ഷിച്ച നിലയിലാണ്.

50 കിലോമീറ്ററിൽ കടലാക്രമണ ഭീഷണി രൂക്ഷം

ജില്ലയിലെ കടൽത്തീരത്ത് 50 കിലോമീറ്റർ കടലോരവും രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. തീരദേശ ജനതയുടെ കണ്ണിൽ പൊടിയിടാൻ കോടികളും ലക്ഷങ്ങളുമാണ് ഓരോ വർഷവും അശാസ്ത്രീയമായ തീരസംരക്ഷണ പദ്ധതിയുടെ പേരിൽ കടലിൽ കൊണ്ടിട്ട് തുലയ്ക്കുന്നത്. ചെറിയ കരിങ്കല്ലുകളും മണൽ ചാക്കുകളും കൊണ്ടുള്ള കടൽ ഭിത്തികൾ ശക്തമായ കടലാക്രമണത്തെ ചെറുക്കാൻ ഉതകുന്നില്ല. അതുകൊണ്ടുതന്നെയാണ് ശാസ്ത്രീയമായ പദ്ധതികൾക്ക് വേണ്ടി മുറവിളി ഉയരുന്നത്.

എങ്ങുമെത്താതെ 'ടെട്രോ പോഡ്' സംരക്ഷണഭിത്തി

കഴിഞ്ഞവർഷം സംസ്ഥാന സർക്കാറിന്റെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ സന്നദ്ധ സംഘടന നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ ജില്ലയിലെ തലപ്പാടി മുതൽ തൃക്കണ്ണാട് വരെയുള്ള രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ തീരദേശ ജനത ആവശ്യപ്പെടുന്ന തരത്തിൽ 'ടെട്രോ പോഡ്' ഉപയോഗിച്ചുകൊണ്ട് സംരക്ഷണ ഭിത്തികൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഉദുമയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അടക്കം നടപടി കടലാസിൽ ഒതുങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, KADAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL