
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ഹൈക്കോടതിയിലെ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിൽ വിവാദം. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതിൽ താൻ ഇടപെടില്ലെന്നും ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.
2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയെ സ്വർണക്കൊള്ളക്കേസിൽ എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. കുറ്റാരോപിതന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം ബോർഡുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആക്കിയതിലാണ് വിമർശനം ഉയരുന്നത്.
ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമാണ് ദേവസ്വം വകുപ്പിനുണ്ടായിരുന്നത്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീർണമായ കേസുകളുടെ നടത്തിപ്പിനായി ഫലപ്രദമായ സംവിധാനം വേണമെന്ന ദേവസ്വം വകുപ്പിന്റെ ആവശ്യത്തെ തുടർന്നാണ് പുതിയ നിയമനം.
ഷിഗെല്ല സ്ഥിരീകരിച്ച പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മന്ത്രിസഭയിൽ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിന് അക്കാര്യം വിട്ടുകൊടുത്തിരുന്നുവെന്നുമാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം. 'പ്രതിയുടെ ദൗർബല്യങ്ങൾ അറിയാവുന്ന ഒരു വക്കീൽ ആകുന്നത് നല്ല കാര്യമാണ്. ക്യാബിനറ്റിൽ എടുത്ത തീരുമാനം മന്ത്രി ഒരിക്കലും തള്ളിപ്പറയാൻ പാടില്ല. അതു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമാണ്. ഞാൻ ഈ കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം മുഖ്യമന്ത്രിക്ക് വിട്ടുകൊടുത്തിരുന്നു.'- കെ മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |