രണ്ടു മാസം പ്രായമായ കുഞ്ഞും മാതാവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൃക്കരിപ്പൂർ: ബീരിച്ചേരി കൂലേരിയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു. രണ്ട് മാസം പ്രായമായ കുഞ്ഞും മാതാവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കെ.പി. നിസാറിന്റെ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസിൽ നിന്നും സ്പാർക്കിനെ തുടർന്ന് തീ പടർന്നത്. ഉടനെ വീട്ടിൽ ഉണ്ടായിരുന്ന നിസാറിന്റെ ഭാര്യ നുസൈബ ഗ്യാസ് വലിച്ചു താഴെ ഇട്ട് വീടിന്റെ വൈദ്യുതി വിച്ഛേദിച്ച് റൂമിൽ കിടത്തിയിരുന്ന കുഞ്ഞുമായി വീടിന് പുറത്തെത്തി നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ പ്രഭാകരന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഫയർ യുണിറ്റും നാട്ടുകാരുടെയും സഹകരണത്തോടെ തീ അണച്ചു. കിച്ചണിൽ ഉണ്ടായ ഫ്രിഡ്ജ്, രണ്ട് വാഷിങ് മെഷീൻ, ഗ്രെയ്ന്റർ, കിച്ചൺ ഉപകരണങ്ങൾ, കാബോഡ് ഉൾപ്പെടെ ഉള്ള കിച്ചൺ സെറ്റിംഗ്സ് എന്നിവയെല്ലാം കത്തിനശിച്ചു. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
സംഭവം നടക്കുമ്പോൾ നിസാറിന്റെ ഭാര്യ നുസൈബ, മകൾ നാസിയ അവരുടെ രണ്ട് മാസം പ്രായമായ കുഞ്ഞുമാണ് ഉണ്ടായത്. വലിയ ദുരന്തം ഉണ്ടായേക്കാവുന്ന സമയം അവസരോചിതമായി നുസൈബ നടത്തിയ നീക്കത്തെ എല്ലാവരും അഭിനന്ദിച്ചു.
തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ള, വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ആശ്രീഫാ ജാബിർ, ബ്ലോക്ക് മെമ്പർ എം.സുനീറ, പഞ്ചായത്ത് മെമ്പർമാരായ ഫായിസ് ബീരിച്ചേരി, എം.ബി സുലൈഖ എന്നിവർ വീട് സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |