കാസർകോട്: ഹൊസങ്കടിയിൽ ക്വാർട്ടേഴ്സിനുള്ളിൽ കർണാടക സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക സ്വദേശിയായ രമേശനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്സിനുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തിയതാണ് മരണത്തിൽ ദുരൂഹത ഉയർന്നത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന സൂചനയുണ്ട്.
എന്നാൽ മരണത്തിന്റെ യഥാർത്ഥ കാരണം പൊലീസ് അന്വേഷണത്തിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലേ വ്യക്തമാകൂ. വിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേശ്വരം ഇൻസ്പെക്ടർ എം.വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. മരിച്ച രമേശൻ ഈ ക്വാർട്ടേഴ്സിലെ സ്ഥിരതാമസക്കാരനല്ലെന്നാണ് താമസക്കാർ പൊലീസിനെ അറിയിച്ചത്. ജോലി കഴിഞ്ഞ് ഇന്നലെ രാത്രി ക്വാർട്ടേഴ്സിൽ തിരിച്ചെത്തിയപ്പോഴാണ് രമേശനെ മരിച്ച നിലയിൽ കണ്ടത് എന്നാണ് തൊഴിലാളികൾ പൊലീസിന് നൽകിയ മൊഴി. സംഭവസമയത്ത് ക്വാർട്ടേഴ്സിൽ ആരൊക്കെയുണ്ടായിരുന്നുവെന്നും രമേശൻ ഇവിടെ എത്തിയത് എന്തിനാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
മരണത്തിന് മുമ്പ് രമേശൻ ആരുമായെങ്കിലും തർക്കത്തിലേർപ്പെട്ടിരുന്നോ, മദ്യപിച്ചിരുന്നോ, ക്വാർട്ടേഴ്സിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവ സ്ഥലത്തുനിന്ന് ലഭിക്കുന്ന തെളിവുകളും പൊലീസ് ശേഖരിക്കും.
മരണത്തിൽ അസ്വാഭാവികത സംശയിക്കുന്നതിനാൽ ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ശനിയാഴ്ച നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരിക. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |