നീലേശ്വരം: ജോലിക്കിടയിൽ പരിക്കുപറ്റി ജീവിതം തന്നെ അസ്തമിക്കുമെന്ന് കരുതിയ സുദർശന് താങ്ങായത് പേന നിർമാണം. തന്റെ ചക്രക്കസേരയിലിരുന്ന് സുദർശൻ നിർമിക്കുന്നത് അതിജീവനത്തിന്റെ ബ്രാൻഡിലുള്ള പേനകൾ. പെയിന്റിംഗ് തൊഴിലാളിയായിരുന്ന സുദർശൻ മൂന്നര വർഷംമുമ്പ് ജോലിക്കിടെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്കുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കുപറ്റി കിടപ്പിലായത്. സ്പൈനൽ കോഡിന് ക്ഷതമേറ്റ് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു. പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾപോലും നിർവഹിക്കാനാവില്ല. പ്രായമായ അമ്മയുടെയും ഭാര്യയുടെയും രണ്ടു കുട്ടികളുടെയും ഏക ആശ്രയമായിരുന്നു.
അങ്ങനെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ സുദർശൻ പേന നിർമാണം ഒരു ഉപാധിയാക്കിയത്. ആദ്യം പേപ്പർ പേനകൾ നിർമിച്ചുവെങ്കിലും അത് വിജയിച്ചില്ല. പിന്നീട് പ്ലാസ്റ്റിക് പേനകളിലേക്ക് ചുവടു മാറ്റി. ഇപ്പോൾ സ്‌കൂളുകളും ബാങ്കുകളും ക്ലബുകളും രാഷ്ട്രീയസംഘടനകളും സുദർശന്റെ പേനകളാണ് വാങ്ങുന്നത്. ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി. സുദർശൻ നിർമിക്കുന്ന പേനകൾ വാങ്ങി സംരംഭത്തെ പിന്തുണയ്ക്കാൻ കഴിഞ്ഞാൽ വലിയൊരു സഹായമാകും. വിവിധ തരത്തിലുള്ള പേനകൾ, വില വിവരങ്ങൾ എന്നിവ അറിയാൻ 9061612676 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.
സ്വന്തം ജീവിതം തിരിച്ചുപിടിക്കാനുള്ള സുദർശന്റെ പരിശ്രമത്തിന് കൈത്താങ്ങാകാൻ ഇപ്പോൾ നാട് ഒരുമിക്കുകയാണ്. അമ്മ അമ്മാറും ഭാര്യ ബി. ജയഭാരതിയും മക്കൾ നാലാം ക്ലാസുകാരൻ ധ്രുവിൻ മാധവും ഒന്നാം ക്ലാസുകാരൻ ഇവാൻ കൃഷ്ണയും എല്ലാ സഹായവുമായി കൂടെയുണ്ട്.
പേന വേണോ...
വിവിധ തരത്തിലുള്ള പേനകൾ, വില വിവരങ്ങൾ എന്നിവ അറിയാൻ 9061612676 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.
ഒരു പേനയെങ്കിലും വാങ്ങുന്നതിലൂടെ വലിയ ആത്മവിശ്വാസവും കരുത്തുമാണ് തനിക്കുണ്ടാവുന്നത്
സുദർശൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |