വിദേശ രാജ്യങ്ങളിൽ നിന്നടക്കം കോടികളുടെ അനധികൃത ഒഴുക്ക്
ബാങ്ക് രേഖകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ
കാസർകോട്: സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷൻ സിവൈ- ഹണ്ട് പരിശോധനയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 26 പേർ കുടുങ്ങി. ഭൂരിഭാഗവും യുവാക്കൾ. പിടിയിലായവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പൊലീസ് ബാങ്ക് രേഖകൾ, പാസ്‌ബുക്കുകൾ, ചെക്ക് ബുക്കുകൾ, എ.ടി.എം കാർഡുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. അനധികൃതമായി പണം സ്വീകരിക്കുന്നതിനും കൈമാറുന്നതിനും ബാങ്ക് അക്കൗണ്ടുകൾ കൈമാറിയവരാണ് കുടുങ്ങിയത്.
ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ ലഭ്യമാക്കുന്ന രീതിയാണ് കണ്ടെത്തിയത്. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുറന്ന് അതിന്റെ പാസ്‌ബുക്ക്, ചെക്ക് ബുക്ക്, എ.ടി.എം കാർഡ് തുടങ്ങിയവ മറ്റുള്ളവർക്ക് കൈമാറുകയും അക്കൗണ്ടിലൂടെ പണം കൈമാറാൻ സൗകര്യം ഒരുക്കുകയുമാണ് ചെയ്യുന്നത്. ഇതിന് ചിലർക്ക് കമ്മിഷൻ ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
ഇത്തരം അക്കൗണ്ടുകളിലൂടെ അനധികൃതമായി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായും വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ വലിയ തോതിൽ പണം എത്തിയതായും കണ്ടെത്തി.
നീലേശ്വരത്തെ 23 കാരന്റെ അക്കൗണ്ടിൽ രണ്ട് ലക്ഷം
നീലേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് കൈമാറിയെന്ന കണ്ടെത്തലിനെ തുടർന്ന് ഓർച്ച തൈക്കടപ്പുറം സ്വദേശി മുഹമ്മദ് കിനാൻ അബൂബക്കറിന്റെ (23) പേരിൽ കേസെടുത്തു. ജൂലായ് 20ന് രണ്ട് ലക്ഷം രൂപയുടെ ഇടപാട് കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ സുഹൃത്തായ ഷഫീറിന്റെ ആവശ്യപ്രകാരമാണ് അക്കൗണ്ട് തുറന്നതെന്നും പണം കൈമാറുന്നതിനായി അക്കൗണ്ട് ഉപയോഗിക്കാൻ സമ്മതിച്ചതായും കിനാൻ പൊലീസിനോട് പറഞ്ഞു. ബാങ്കിൽനിന്ന് ലഭിച്ച പാസ്‌ബുക്ക്, ചെക്ക് ബുക്ക്, എ.ടി.എം കാർഡ് എന്നിവ ഷഫീർ കൈപ്പറ്റിയെന്നും മൊഴിയിൽ പറയുന്നു. 5,000 രൂപ കമ്മിഷൻ ലഭിച്ചതായും സമ്മതിച്ചിട്ടുണ്ട്. റെഡ്മി നോട്ട് 9 മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉപ്പള സ്വദേശിയുടെ അക്കൗണ്ടിൽ 9.10 ലക്ഷം
ഉപ്പള കൈക്കമ്പം ഹൗസിൽ യൂസഫ് മൂസ (48)ക്കെതിരെ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. എൻ.സി.ആർ.പി വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യൂസഫിന്റെ എസ്.ബി.ഐ അക്കൗണ്ട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയത്. 2026 ഫെബ്രുവരി 24 ന് 6,10,584 രൂപയും മാർച്ച് 11ന് മൂന്ന് ലക്ഷം രൂപയും അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ഈ പണം ഓൺലൈൻ തട്ടിപ്പിലൂടെ കൈമാറിയതാണെന്ന സംശയത്തിലാണ് അന്വേഷണം. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ വാട്സ്ആപ്പ് ചാറ്റുകളിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി സ്ക്രീൻഷോട്ടുകളും കണ്ടെത്തിയതായി പൊലീസ് പറയുന്നു. ചെക്ക് ബുക്കും എ.ടി.എം കാർഡും മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |