SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

മന്ത്രിക്കെതിരായ പ്രതിഷേധങ്ങളിൽ ഇരട്ടനീതി: എം. രാജഗോപാലൻ

raja
എം. രാജഗോപാലൻ

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരായ പ്രതിഷേധങ്ങളുടെ പേരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്യുകയും ബി.ജെ.പി പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പൊലീസ് നടപടി ഇരട്ടനീതിയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ ആരോപിച്ചു.

തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികളെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരിട്ട് നേതൃത്വം നൽകിയ മന്ത്രിക്കെതിരെയാണ് പ്രതിഷേധങ്ങൾ നടന്നത്. ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്ന തരത്തിലാണ് പൊലീസ് ഇടപെടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് മന്ത്രി ജനീഷിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

മന്ത്രിക്കെതിരെ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുക്കുകയും നിരവധി പേരെ റിമാൻഡ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മന്ത്രിമാരെ വഴിയിൽ തടഞ്ഞ ബി.ജെ.പി പ്രവർത്തകർക്കെതിരെ സമാനമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും രാജഗോപാലൻ ആരോപിച്ചു.

14 പേർ റിമാൻഡിൽ

തൃക്കരിപ്പൂർ നടക്കാവിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തതായും നീലേശ്വരത്ത് ആറ് പേരെ റിമാൻഡ് ചെയ്തതായും രാജഗോപാലൻ പറഞ്ഞു. ബേഡകത്തും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. നടക്കാവിൽ പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കാൻ ഒരു സംഘം മുസ്‌ലിം ലീഗ് പ്രവർത്തകർ മാരകായുധങ്ങളുമായി എത്തിയിട്ടും ഇവർക്കെതിരേ നടപടി എടുത്തില്ല. ഇവിടെയും പൊലീസ് ഇരട്ടനീതിയാണ് സ്വീകരിച്ചതെന്ന് രാജഗോപാലൻ പറഞ്ഞു.

ഡോക്ടർക്കെതിരായ നടപടി

രാഷ്ട്രീയ പകപോക്കൽ

മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കാഞ്ഞങ്ങാട്ടെ ഡോ. സിദ്ധാർത്ഥ് രവീന്ദ്രനെതിരെ പൊലീസ് വീടുകളിൽ പരിശോധന നടത്തുന്നതായും ആശുപത്രിയിലെ താൽക്കാലിക ജോലിയിൽനിന്ന് അതിവേഗം പുറത്താക്കിയതായും രാജഗോപാലൻ ആരോപിച്ചു. ഒരു യുവ ഡോക്ടർക്കെതിരെ ഇത്ര വേഗത്തിൽ നടപടി സ്വീകരിച്ച സർക്കാർ, ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാനോ മരുന്നുകൾ എത്തിക്കാനോ മാസങ്ങളായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL