കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ വേദനയും ദുരിതവും ശിലയിൽ പകർത്തിയ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ ഏറ്റവും ഉയരം കൂടിയ ശില്പമായ ‘ഇരകൾ’ 13ന് രാവിലെ 10.30ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനാച്ഛാദനം ചെയ്യും. കാസർകോട് ജില്ലാ പഞ്ചായത്ത് പരിസരത്ത് ‘ഇരകൾ’ക്കൊപ്പം ‘സ്വാതന്ത്ര്യം’ എന്ന മറ്റൊരു ശില്പവും അനാച്ഛാദനം ചെയ്യും.
2006ലാണ് 40 അടി ഉയരമുള്ള ശില്പത്തിന്റെ ആശയം രൂപംകൊണ്ടത്. അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണനാണ് പദ്ധതി മുന്നോട്ടുവച്ചത്. എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിന്റെ ദുരന്തം തന്നെ പ്രമേയമാക്കാൻ കാനായി തീരുമാനിക്കുകയായിരുന്നു. പദ്ധതിക്ക് ആദ്യം അനുവദിച്ചത് 20 ലക്ഷം രൂപ. എന്നാൽ നിർമ്മാണം വർഷങ്ങൾ നീണ്ടതോടെ നിർമാണച്ചെലവിലുണ്ടായ വർദ്ധനയും മറ്റും ഉൾപ്പെടെ പദ്ധതി ചെലവ് 65 ലക്ഷം രൂപയായി ഉയർന്നു. പദ്ധതിക്ക് ഉണ്ടായ അധിക ചെലവിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു പറഞ്ഞു.
അർദ്ധ-അമൂർത്ത ശൈലിയിൽ ഒരുക്കിയ ശില്പത്തിൽ ക്യൂബിസത്തിന്റെ സ്വാധീനവും കാണാം. വലുപ്പമേറിയ തലയും കൈകളുമുള്ള രണ്ട് കുട്ടികൾ നിസ്സഹായയായ അമ്മയെ മുറുകെപ്പിടിച്ചുനിൽക്കുന്നതാണ് പ്രധാന ദൃശ്യം.
ഭരണമാറ്റം മുതൽ കോവിഡ് വരെ
ജില്ലാ പഞ്ചായത്ത് ഭരണസമിതികളിലുണ്ടായ മാറ്റങ്ങൾ, സാമ്പത്തിക പ്രതിസന്ധി, ഫണ്ട് ലഭ്യതയിലെ ബുദ്ധിമുട്ടുകൾ, പ്രളയം, കോവിഡ് തുടങ്ങി നിരവധി കാരണങ്ങളാണ് ശില്പനിർമാണം നീളാൻ ഇടയാക്കിയത്. വിവിധ ഘട്ടങ്ങളിൽ നിർമാണം പുനരാരംഭിച്ചെങ്കിലും പലതവണ മുടങ്ങി. നാല് മാസം മുമ്പാണ് നിർമാണം പൂർത്തിയായത്. പദ്ധതിക്കായി കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് കണ്ടെത്താൻ ജില്ലാ പഞ്ചായത്ത് ശ്രമിച്ചെങ്കിലും കമ്പനികളിൽനിന്ന് സഹായം ലഭിച്ചില്ല. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ സ്വന്തം ഫണ്ടിൽനിന്ന് ഘട്ടംഘട്ടമായി തുക കണ്ടെത്തുകയായിരുന്നു.
കാനായിക്ക് നൽകാനുണ്ട് 3.20 ലക്ഷം
ശിൽപം പൂർത്തിയായിട്ടും കാനായി കുഞ്ഞിരാമന് നൽകാനുള്ള 3.20 ലക്ഷം രൂപയുടെ ബില്ലുകൾ ജില്ലാ പഞ്ചായത്ത് ഇതുവരെ തീർപ്പാക്കിയിട്ടില്ല. പൊതുസ്ഥലങ്ങളിൽ കാനായി നിർമിക്കുന്ന ശിൽപങ്ങൾക്ക് സാധാരണയായി അദ്ദേഹം ശിൽപിയുടെ പ്രതിഫലം ഈടാക്കാറില്ല. ശിൽപ നിർമാണത്തിനാവശ്യമായ സാമഗ്രികളുടെയും തൊഴിലാളികളുടെ കൂലിയുടെയും ചെലവ് മാത്രമാണ് സാധാരണയായി ആവശ്യപ്പെടുന്നത്. ഈ ചെലവുകൾ നിർമാണത്തിന് ചുമതലപ്പെടുത്തിയ സ്ഥാപനമാണ് വഹിക്കേണ്ടത്. എന്നാൽ കാസർകോട്ടെ ‘ഇരകൾ’ നിർമിക്കുന്നതിനിടെ കാനായി തന്നെ സ്വന്തം കൈയിൽനിന്ന് പണം ചെലവഴിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |