ഒരു വർഷത്തിനിടെ 96 കേസുകളിൽ പിടിയിലായത് 151 പേർ
കൊല്ലം: ലഹരി സംഘങ്ങൾ പിടിമുറുക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കി സിറ്റി പൊലീസ്. ഒരു വർഷത്തിനിടെ സിറ്റി പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിൽ 96 കേസുകളിലായി 151 പേരാണ് പിടിയിലായത്. ഇതിൽ ഇതര സംസ്ഥാനക്കാരും വിദേശികളും സീരിയൽ നടിയും ഉൾപ്പെടുന്നു.
വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് 14 കേസുകളും ഇടത്തരം അളവിൽ മയക്കുമരുന്ന് കൈവശം വച്ചതിന് 22 കേസുകളും ചെറിയ അളവിലുള്ളതിന് 60 കേസുകളും രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് 23ന് മയ്യനാട് സ്വദേശിയായ യുവാവിൽ നിന്ന് കൊല്ലം ബീച്ചിന് സമീപത്ത് വച്ച് 94.513 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതാണ് കഴിഞ്ഞ വർഷം സിറ്റി പൊലീസ് നടത്തിയ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട. ഏകദേശം 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്ക് മരുന്നാണ് അന്ന് പിടികൂടിയത്. ഓച്ചിറ സ്‌കൈലാബ് ജംഗ്ഷന് സമീപം ഓച്ചിറ പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 30 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതാണ് കഴിഞ്ഞവർഷത്തെ സിറ്റിയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട.
ലഹരിക്കേസിൽ പുരുഷന്മാർക്ക് പുറമേ കഴിഞ്ഞ വർഷം വിവിധ കേസുകളിലായി നാല് സ്ത്രീകളേയും അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാൾ സീരിയൽ നടിയാണ്. മയക്കുമരുന്ന് വേട്ടയുടെ ഭാഗമായി അഞ്ച് ഇരുചക്ര വാഹനങ്ങളും ഒരു കാറും ഉൾപ്പടെ 6 വാഹനങ്ങൾ പിടിച്ചെടുത്തു.
ഒരു വർഷത്തിനിടെ പിടിച്ചെടുത്തവ
409.255 ഗ്രാം എം.ഡി.എം.എ
ഗ്രാമിന് വില 5000 രൂപ
81.009 കിലോ കഞ്ചാവ്
ഗ്രാമിന് വില 4000
ആകെ 50 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ
.....................................
15 പേർക്കെതിരെ പിറ്റ് എൻ.ഡി.പി.എസ്
ലഹരിവ്യാപനം തടയാൻ 15 പേർക്കെതിരെ ഉടൻ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. ഇതുപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനു പുറമേ സ്വത്ത് കണ്ട്‌കെട്ടും. ഒരു വർഷത്തേക്കാകും കരുതൽ തടങ്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |