SignIn
Kerala Kaumudi Online
Saturday, 30 May 2026 6.59 PM IST

കുട്ടികൾക്ക് വാക്സിനേഷൻ അതിപ്രധാനം

ശങ്കേഴ്സിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെഡിക്കൽ ക്യാമ്പ് നാളെ മുതൽ

കൊല്ലം: വിവിധ രോഗങ്ങളെ പ്രതിരോധിക്കാൻ കുട്ടികൾക്ക് വാക്സിനേഷൻ അതിപ്രധാനമാണെന്ന്, അരനൂറ്റാണ്ടായി ശിശുരോഗപരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ശങ്കേഴ്സിലെ പീഡീയാട്രീഷൻ ഡോ. എം.സി. തോമസ് പറഞ്ഞു.

പഞ്ചവത്സര പദ്ധതികളിൽ തുടക്കം മുതൽ ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകിയിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പുകൾ നൽകിയാണ് ആരോഗ്യരംഗത്ത് ഇന്ന് കാണുന്ന നേട്ടങ്ങളുണ്ടായത്. സ്മാൾപോക്സ് അഥവാ വസൂരി, പോളിയോ (പിളളവാതം), ഡിഫ്തീരിയ (കണ), പെർട്ടൂസിസ് (വില്ലൻചുമ), ടെറ്റനസ് (കുതിരച്ചന്നി) എന്നീ മാരകമായ അസുഖങ്ങൾ കേരളത്തിൽ നിന്ന് തുടച്ചുമാറ്റപ്പെട്ടു.

എം.എം.ആർ വാക്സിനെടുത്ത കുട്ടികൾക്ക് മീസിൽസ്, മുണ്ടിനീര്, റൂബല്ല എന്നീ രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ട്. ചിക്കൻപോക്സ്, ഹെപ്പറ്റൈറ്റിസ് എ, ഹൈപ്പറ്റൈറ്റിസ് ബി, ന്യുമോണിയ, വയറിളക്കം എന്നിവയ്ക്ക് വാക്സിനെടുത്തിട്ടുള്ള കുട്ടികളിൽ ഈ രോഗങ്ങൾ വരാറില്ല. മാരകമായ കൊവിഡ് 19 കുട്ടികളെ സാരമായി ബാധിക്കാതിരുന്നത് മറ്റ് അസുഖങ്ങൾക്കെതിരായ വാക്സിനിലൂടെ ലഭിച്ച പ്രതിരോധ ശക്തികൊണ്ടാണ്.

ജനിക്കുമ്പോൾ തന്നെ നൽകുന്ന ബി.സി.ജി വാക്സിനെടുത്ത കുട്ടികളിൽ പ്രൈമറി കോംപ്ലക്സ് (ബാലക്ഷയം), ട്യൂബർകുലസ് മെനിഞ്ചൈറ്റിസ് (തലച്ചോറിൽ പഴുപ്പ്) എന്നിവ അപൂർവ്വമായേ കാണുകയുള്ളു. പയോജനിക് മെനിഞ്ചൈറ്റിസ് (തലച്ചോറിൽ പഴുപ്പ്), ന്യുമോണിയ (ശ്വാസകോശത്തിലെ നീർക്കെട്ട്) എന്നിവ ഗണ്യമായി കുറഞ്ഞു. ചികിത്സ ലഭ്യമാക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധാലുക്കൾ ആയതിനാൽ ത്രോട്ട് ഇൻഫെക്ഷൻ വന്നുകഴിഞ്ഞ് ഉണ്ടാകുന്ന റുമാറ്റിക് ഫിവർ (സന്ധികളിൽ നീരും അതിനെ തുടർന്ന് ഹൃദയവാൽവുകൾക്കുണ്ടാകുന്ന വീക്കങ്ങളും), തൊലിപ്പുറത്തെ ചിരങ്ങുകളുടെ പ്രത്യാഘാതമായി ഉണ്ടാകുന്ന അക്യൂട്ട് ഗ്ലോമറുലാർ നെഫ്രൈറ്റിസ് (വൃക്കകളുടെ വീക്കവും മൂത്രത്തിലൂടെ രക്തത്തിൽ നിന്ന് പ്രോട്ടീൻ(ആൽബുമിൻ) കൂടുതലായി നഷ്ടപ്പെട്ട് മുഖത്തും കാലിനും നീര് വരിക) തുടങ്ങിയവ ഗണ്യമായി കുറഞ്ഞു.

മഴയത്ത് മലിനജലത്തിലൂടെയും വേനലി​ൽ ജലദൗർലഭ്യം, ശുചിത്വക്കുറവ് എന്നി​വ കൊണ്ടും ഉണ്ടാകുന്ന വയറിളക്കവും ഛർദ്ദിയും കുട്ടികളുടെ ജീവൻ അപകടത്തിലാക്കും. ഒ.ആർ.എസ് ലായനിയുടെ ഉപയോഗത്തിലൂടെ നിർജ്ജലീകരണം തടയാനും കുട്ടികളുടെ ജീവനുണ്ടായിരുന്ന ഭീഷണി ഇല്ലാതാക്കാനും സാധിച്ചു. ഇപ്പോൾ കുട്ടികൾക്ക് കൂടുതലായി ഉണ്ടാകുന്നത് വൈറൽ പനിയാണ് ഇൻഫ്ലുവൻസ. ഓരോ കാലത്തും പുതിയ വൈറസുകളാണ് കണ്ടുവരുന്നത്. രണ്ട് വയസിന് ശേഷം വർഷം ഒരു വാക്സിൻ നാലാണ്ട് വരെയെടുത്താൽ ഇൻഫ്ലുവൻസ, എച്ച് വൺ എൻ വൺ പോലെയുള്ള രോഗങ്ങളെ നിയന്ത്രിക്കാം. ഡെങ്കിപ്പനിയും ചിക്കൻഗുനിയയും ശ്രദ്ധിക്കണം. കുട്ടികൾക്ക് പനി നീണ്ടുനിന്നാൽ രക്ത പരിശോധനയിലൂടെ പ്ലേറ്റ്ലെറ്റ് കൗണ്ട് നോക്കണം. ശരീരത്തിൽ ജലാംശം നിലനിറുത്തണം. കുട്ടികളെ കൊണ്ട് കൂടുതൽ വെളളം കുടിപ്പിക്കണം.

ശങ്കേഴ്സിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി

മെഡിക്കൽ ക്യാമ്പ് നാളെ മുതൽ

കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മെഗാ മെഡിക്കൽ ക്യാമ്പ് നാളെ മുതൽ 31 വരെ നടക്കും. ആശുപത്രിയിലെ പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗങ്ങളിലെയും ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിലെയും വിഗദ്ധ ഡോക്ടർമാർ നേതൃത്വം നൽകും.

ചികിത്സാ പദ്ധതികൾ പ്രയോജനപ്പെടുത്താം

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് ഉള്ളവർക്കും ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന് പുറമേ 26 കമ്പനികളുടെ ഇൻഷ്വറൻസ് സൗകര്യവും ലഭ്യമാണ്.

ഇളവുകൾ

 കൺസൾട്ടേഷൻ ഫീസ് സൗജന്യം

 വിവിധ ലാബ് പരിശോധനകൾക്ക് 25% ഇളവ്

 ശസ്ത്രക്രിയകൾക്ക് 20 ശതമാനം ഇളവ്

വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000, 9946105555

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL