SignIn
Kerala Kaumudi Online
Saturday, 30 May 2026 6.58 PM IST

കരീപ്രയ്ക്ക് അഭി​മാനമായി​ രാജേന്ദ്രൻപിള്ള

kunninvattam
രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പുരസ്കാരം നേടിയ കെ.രാജേന്ദ്രൻപിള്ള കുന്നിൻവട്ടം പാടശേഖരത്തിൽ.

എഴുകോൺ: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ഫയർ ആൻഡ് റെസ്ക്യു കൊട്ടാരക്കര അസി. സ്റ്റേഷൻ ഓഫീസർ കെ. രാജേന്ദ്രൻപിള്ളയ്ക്ക് ലഭിച്ചതിന്റെ ആഹ്ലാദത്തിലും ആവേശത്തിലുമാണ് കരീപ്ര ഗ്രാമം.

അപകടങ്ങളിൽ നാടിന് രക്ഷകനാകുന്ന രാജേന്ദ്രൻപിള്ള കരീപ്രയിലെ കൃഷിക്കും രക്ഷകനാണ്. പത്ത് വർഷമായി മണ്ണിൽ പൊന്നുവിളയിക്കുന്ന മുളവൂർക്കോണം കുന്നിൻവട്ടം പാടശേഖര സമിതിയുടെ സെക്രട്ടറി കൂടിയാണ്. 12 ഹെക്ടറിലാണ് എല്ലാ വർഷവും ഇവിടെ കൃഷിയിറക്കുന്നത്. 35 കർഷകർ പാടശേഖര സമിതിയിലുണ്ട്. 40 സെന്റ് നിലം മാത്രം സ്വന്തമായുള്ള രാജേന്ദ്രൻപിള്ള കൃഷിക്കായി 15 ഏക്കർ പാട്ടത്തിനെടുത്തിട്ടുണ്ട്. അച്ഛൻ പരേതനായ കരുണാകരൻ പിള്ള കൃഷിക്കാരനായിരുന്നു. അന്ന് കുടുംബ വക ഭൂമി കൂടുതലായി ഉണ്ടായിരുന്നു. അച്ഛനോടൊപ്പം കുട്ടിക്കാലത്ത് പാടത്തിറങ്ങിയ ഓർമ്മകളാണ് രാജേന്ദ്രൻപിള്ളയിലെ കർഷകന്റെ ആവേശം.

2013 -14 കാലത്ത് കുണ്ടറ ഫയർ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ അവിടത്തെ രണ്ടര ഏക്കർ ഭൂമി കാട് തെളിച്ച് പച്ചക്കറി കൃഷി ചെയ്തതാണ് രാജേന്ദ്രൻ പിള്ളയുടെ കൃഷി ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. അന്ന് സംസ്ഥാന തലത്തിൽ സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള കൃഷിക്ക് ഒന്നാം സ്ഥാനം കിട്ടി. തുടർന്ന് എറണാകുളത്ത് നടന്ന കാർഷിക ഗ്ലോബൽ മീറ്റിൽ കൃഷി രീതികളെ കുറിച്ച് പ്രബന്ധാവതരണത്തിനുള്ള അവസരവും ലഭിച്ചു.

കരീപ്രയിൽ കൃഷി ഓഫീസറായിരുന്ന രാജൻബാബുവാണ് കുന്നിൻവട്ടത്ത് നെൽകൃഷി ചെയ്യാൻ പ്രചോദനമായത്. കാടുപിടിച്ച് തരിശുകിടന്ന ഇവിടെ ജില്ലാ പഞ്ചായത്ത് മാതൃകാ യന്ത്രവത്കൃത കൃഷിത്തോട്ടം ഒരുക്കിയതിനു പിന്നാലെ ആയിരുന്നു ഇത്.

രാഷ്ട്രപതിയുടെ പുരസ്കാരത്തിന്റെ നിറവ് കൂടിയാകുമ്പോൾ കുടുംബാംഗങ്ങൾക്കൊപ്പം കരീപ്രയെന്ന കാർഷിക ഗ്രാമം കൂടിയാണ് അഭിമാനം കൊള്ളുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL