കൊല്ലം: രണ്ടുമാസമായി വേതനം കിട്ടാതെ പട്ടിണിയിലായി ജില്ലയിലെ സ്കൂൾ പാചകത്തൊഴിലാളികൾ. കിട്ടേണ്ട തുകയിൽ നിന്ന് ആയിരം രൂപ കുറച്ചാണ് സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളം നൽകിയത്. കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ശമ്പളത്തിൽ നിന്ന് ആയിരംരൂപ വീതം സർക്കാർ കുറവ് വരുത്തുന്നതെന്ന് തൊഴിലാളികൾ പറയുന്നു. മാസംതോറും സമരം ചെയ്താലേ ശമ്പളം ലഭിക്കൂവെന്ന അവസ്ഥയിലാണ് ഇവർ കടന്നുപോകുന്നത്. പ്രതിദിനം ഒരു തൊഴിലാളിക്ക് 600 രൂപയാണ് കൂലി. 500 കുട്ടികൾക്ക് ഒരു തൊഴിലാളി എന്നതാണ് ഇപ്പോഴും സർക്കാർ കണക്ക്. ഇത്രയും കുട്ടികളുണ്ടാകുമ്പോൾ സഹായികൾ ആവശ്യമായി വരും. എന്നാൽ സഹായികളുടെ ഉത്തരവാദിത്വം സർക്കാരോ സ്‌കൂളുകളോ ഏറ്റെടുക്കാൻ തയ്യാറാകാറില്ല. ഇവർക്കുള്ള പ്രതിഫലം കൂടി തൊഴിലാളികൾ സ്വന്തം കൈയിൽ നിന്ന് കൊടുക്കണം. ഇതോടെ കിട്ടുന്ന 600 രൂപ 300 ആയി കുറയും.
ആദ്യമൊക്കെ കഞ്ഞിയും ഒരു കറിയും മാത്രം ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് രണ്ടോ മൂന്നോ കറിയടക്കം ഒരുക്കണം. അതുകൊണ്ട് തന്നെ അതിരാവിലെ സ്‌കൂളിലെത്തുന്ന ഇവർ ഉച്ചഭക്ഷണം തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകി തിരിച്ച് വൈകുന്നേരമാണ് വീട്ടിലെത്തുന്നത്. ഇക്കാരണത്താൽ മറ്റൊരു ജോലിക്ക് പോകാനും കഴിയില്ല. കിട്ടാനുള്ള തുക വൈകുന്നത് ഇവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. മുപ്പത് വർഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് മിക്ക തൊഴിലാളികളും. കൂട്ടത്തിൽ 60 വയസ് പിന്നിട്ടവർ വരെയുണ്ട്. എന്നാൽ വിരമിച്ച് കഴിയുമ്പോൾ വിരമിക്കൽ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. 2017ൽ ഡോ. ടി.എം.തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് സ്കൂൾ പാചക തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെയും നടപ്പായിട്ടില്ല. പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളും വാഗ്ദാനങ്ങളായി ഒതുങ്ങി.
ആവശ്യങ്ങൾ
ദിവസവേതനം 1000 രൂപയായി ഉയർത്തണം
എല്ലാ മാസവും 10ന് മുമ്പ് വേതനം നൽകണം
500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നതുമാറ്റി 150 കുട്ടികൾക്ക് എന്നാക്കണം
അർഹമായ വിരമിക്കൽ ആനുകൂല്യം നൽകണം
ജില്ലയിൽ പാചക തൊഴിലാളികൾ-936
ഒരുദിവസത്തെ ശമ്പളം-600
ഉത്സവബത്ത-1300
അവധിക്കാല അലവൻസ്-2000
വേതനം കൃത്യമായി കിട്ടാത്തത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ഫെബ്രുവരി 8ന് കൊല്ലത്ത് ചേരുന്ന സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) യോഗത്തിൽ പണിമുടക്ക് ഉൾപ്പടെയുള്ള സമരപരിപാടികൾക്ക് രൂപം നൽകും.
എ. ഹബീബ് സേട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി,
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |