കൊല്ലം: ചാത്തന്നൂരിലെ ക്ഷേത്ര ഉത്സവത്തിനിടെ നാടൻ പാട്ട് കേൾക്കാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ആറുപേർക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും. ചിറക്കര കാരംകോട് ചരുവിള പുത്തൻ വീട്ടിൽ കുണ്ടുമൺ അനിയെന്ന് വിളിക്കുന്ന അനിൽ കുമാറിനെ (31) കൊലപ്പെടുത്തുകയും സുഹൃത്തായ ഉളിയനാട് കണ്ണേറ്റ ജിതേഷ് ഭവനിൽ രാജേഷ് കുമാറിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി- 5 ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്.
കേസിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി നെടുങ്ങോലം പൊയ്കയിൽ തൊടിയിൽ വീട്ടിൽ ലാലു (42), നാലാം പ്രതി മീനാട് ഏറത്ത് പണ്ടാരത്തോപ്പ് വീട്ടിൽ രതീഷ് (41), അഞ്ചാം പ്രതി വരിഞ്ഞം അടുതല ചരുവിള വീട്ടിൽ സാബു (58) ആറാം പ്രതി മീനാട് കോയിപ്പാട് രാജീവ് ഗാന്ധി കോളനി രേഷ്മ ഭവനിൽ വിഷ്ണു (32), ഏഴാം പ്രതി വരിഞ്ഞം സുന്ദരം മുക്ക് സൂര്യ ഭവനിൽ സുജിത്ത്, (38) ഒൻപതാം പ്രതി വരിഞ്ഞം ചാവരുകാവിനു് സമീപം കാവിൽ വീട്ടിൽ ഹണി (36) എന്നിവരെയാണ് ശിക്ഷിച്ചത്.
ചിറക്കര വാഴതോപ്പ് വീട്ടിൽ പ്രജുവിനെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. 2015 ഫെബ്രുവരി 12ന് രാത്രിയായിരുന്നു സംഭവം. ഉത്സവത്തിന് നാടൻ പാട്ട് കേൾക്കാൻ എത്തിയ രാജേഷ് കുമാറിനെയും സുഹൃത്തായ അനിയെയും കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പ്രജു അടക്കം 18 പേർ മാരകായുധങ്ങളുമായി സ്ഥലത്തെത്തി. ആക്രമണം ഭയന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അനിയെയും സുഹൃത്തിനെയും പ്രതികൾ ഓട്ടോറിക്ഷയിലും സ്കൂട്ടറിലും പിന്തുടർന്ന് തടഞ്ഞുനിറുത്തി അടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിയെ പ്രതികൾ പിന്തുടർന്ന്
ക്ഷേത്രക്കുളത്തിന് സമീപം വച്ച് മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി. ശരീരത്തിലാകമാനം നൂറിലേറെ മുറിവുകളേറ്റാണ് അനി മരിച്ചത്. ഒന്നാം പ്രതി പ്രജു വിസ്താരം നടക്കവേ ഒളിവിൽ പോയി. രണ്ടാം പ്രതി സേതുപതി, മൂന്നാം പ്രതി വിഷ്ണു പതിനേഴാം പ്രതി സന്തോഷ് എന്നിവർ വിസ്താരം നടക്കവേ മരിച്ചു. ബാക്കി എട്ട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.
ചാത്തന്നൂർ ഇൻസ്പെക്ടർമാരായ വി. ജോഷി, അജയനാഥ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ കമലാസനൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |