അഞ്ചൽ: നിലമേലിൽ റിട്ട. റേഞ്ച് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ. നിലമേൽ വളയിടം സ്വദേശി ഫറൂഖ് (28) ആണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 31 ന് പുലർച്ചെ ആയിരുന്നു സംഭവം.
നിലമേലിൽ അമരം ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ചിതറ വളവുവച്ച തേമ്പാമൂട്ടിൽ വീട്ടിൽ റിട്ട. റേഞ്ച് ഓഫീസർ ഫസിലുദീന്റെ ബൈക്കാണ് മോഷണം പോയത്. പാർക്ക് ചെയ്തിരുന്ന ബൈക്ക് വെളുപ്പിന് ഉരുട്ടിക്കൊണ്ട് പോവുകയും സമീപപ്രദേശത്ത് ഒളിപ്പിച്ച് വയ്ക്കുകയുമായിരുന്നു. തുടർന്ന് രാവിലെ ബൈക്കിന് സമീപത്തെത്തിയ പ്രതി താക്കോൽ ഇല്ലാത്തതിനാൽ തൊട്ടടുത്ത വർക്ക്ഷോപ്പിൽ നിന്ന് ആളിനെ വിളിച്ചുകൊണ്ടുവരികയും വാഹനം കേടായെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്റ്റാർട്ട് ചെയ്ത് കൊണ്ട് പോവുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പ്രതി പിടിയിലാകുന്നത്. ചടയമംഗലം എസ്.ഐ മോനിഷ്, പ്രൊബേഷൻ എസ്.ഐ ശ്യം, സി.പി.ഒ മാരായ നിഷാദ്, ജോബി, ഉല്ലാസ്, ഹോം ഗാർഡ് ജ്യോതി തുടങ്ങിയങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |