SignIn
Kerala Kaumudi Online
Thursday, 22 October 2026 12.41 PM IST

ചെന്താരകങ്ങൾ പെയ്തിറങ്ങും പോലെ...

കൊല്ലം: ചെന്താരകങ്ങൾ പെയ്തിറങ്ങുന്ന ആവേശത്തത്തിലാണ് കൊല്ലം. രക്തസാക്ഷി സ്മരണകളാൽ ജ്വലിച്ച് നിൽക്കുകയാണ് കൊല്ലത്തിന്റെ ഹൃദയം. കൊല്ലത്തിന്റെ മണ്ണും മനസും ചെന്താരകം പോലെ ചുവപ്പിച്ച് സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കം.

സമ്മേളന ജാഥകൾ സംഗമിക്കുന്ന ആശ്രാമം മൈതാനത്തേക്ക് ഉച്ചമുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകർ ഒഴുകുകയായിരുന്നു. ആദ്യം കയ്യൂരിൽ നിന്നുള്ള പതാക ജാഥയും തൊട്ടുപിന്നാലെ വയലാറിൽ നിന്നുള്ള ദീപശിഖാജാഥയും ശൂരനാട് നിന്നുള്ള കൊടിമരജാഥയുമെത്തി. ജില്ലയിലെ 23 രക്തസാക്ഷി കൂടീരങ്ങളിൽ നിന്നുള്ള ദീപശിഖകളും മഹാപ്രവഹമായി എത്തിയതോടെ ആശ്രാമം മൈതാനം നിറഞ്ഞു. പിന്നെ പ്രതിനിധിസമ്മേളന നഗരിയായ കൊല്ലം ടൗൺ ഹാളിലേക്കായിരുന്നു ചുവപ്പിന്റെ പ്രവാഹം.

റെഡ് വാളന്റിയർമാരുടെ അകമ്പടിയോടെ ദീപിശിഖകൾ എത്തും മുമ്പേ ടൗൺഹാളിന്റെ പൂമുഖമാകെ നിറഞ്ഞ് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ നിറഞ്ഞിരുന്നു. തൊണ്ടുപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങവേ ടൗൺഹാളിന് മുന്നിലെ രക്തസാക്ഷി സ്ക്വയറിൽ വയലാറിലെ ദീപശിഖയിൽ നിന്ന് അഗ്നിപടർന്നു. മുദ്രാവാക്യങ്ങൾക്ക് കൂടുതൽ കരുത്ത് വച്ചു.

ഇല്ലയില്ല മരിക്കുന്നില്ല...

രക്തസാക്ഷി മരിക്കുന്നില്ല...

ജീവിക്കുന്നു ഞങ്ങളിലൂടെ...

ഞങ്ങളിലൊഴുകും ചോരയിലൂടെ...

സി.പി.എം. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, വിജയരാഘവൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, അനാവൂർ നാഗപ്പൻ, കെ.കെ. ജയചന്ദ്രൻ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ, വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ തുടങ്ങിയവരും പങ്കെടുത്തു.

വേദിയുടെ കൈവരി ഇളകി

ആശ്രാമം മൈതാനത്ത് പതാക ഉയർത്താനായി പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് മുഖ്യമന്ത്രി കടന്നുപോയതിന് പിന്നാലെ വേദിയിലേക്കുള്ള റാമ്പിന്റെ കൈവരി തിക്കിലും തിരക്കിലും ഇളകി. കൈവരിയിൽ ചാരിനിൽക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നിലതെറ്റി താഴേക്ക് പോയെങ്കിലും പാർട്ടി പ്രവർത്തകർ പിടിച്ചുനിറുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL