
കൊല്ലം: സി.പി.എമ്മിന്റെ ജനസമ്മതനേതാവായ ജി. സുധാകരന് കൊല്ലം സമ്മേളനത്തിൽ അതിഥിയായിപ്പോലും ക്ഷണമില്ല. കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കിയത്.
54 വർഷം മുമ്പ് കടയ്ക്കലിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് 21-ാം വയസിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായത്. 30 വർഷം മുമ്പ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടന്നപ്പോൾ സംഘാടക സമിതി ജോ. സെക്രട്ടറിയുമായിരുന്നു. അതേ മണ്ണിൽ വീണ്ടും സമ്മേളിക്കുമ്പോൾ സുധാകരനില്ല. പൊതുരംഗത്ത് സജീവമായി നിൽക്കുന്ന അദ്ദേഹത്തെ സംഘാടകർ മറന്നോ? പക്ഷെ സഖാവിന് അതിലൊന്നും പരിഭവമില്ല. ക്ഷണിക്കാത്തത് കൊണ്ട് പോകില്ലെന്നു മാത്രം.
ആലപ്പുഴ താമരക്കുളത്ത് വേടര്പ്ളാവ് ഗ്രാമത്തിൽ ജനിച്ച സുധാകരൻ 1967-72 കാലയളവിൽ കോളേജ് വിദ്യാഭ്യാസ കാലത്താണ് സംഘടനാ രംഗത്ത് സജീവമാവുന്നത്. ഒൻപതാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി 1971ൽ കൊല്ലം ജില്ലാ സമ്മേളനം നടക്കുമ്പോൾ അദ്ദേഹം എസ്.എഫ്.ഐ നേതൃത്വത്തിലുണ്ട്. എൻ.ശ്രീധരൻ ജില്ലാ സെക്രട്ടറിയും സി.എച്ച്.കണാരൻ സംസ്ഥാന സെക്രട്ടറിയുമാണ്. ഇവർക്ക് പുറമെ വി.എസും ഗൗരിഅമ്മയും മുൻകൈയെടുത്താണ് 21 കാരനായ സുധാകരനെ അന്ന് സമ്മേളനം നിയന്ത്രിച്ച പ്രസീഡിയത്തിൽ ഉൾപ്പെടുത്തിയത്. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിലും പ്രതിനിധിയായി.
ലാ കോളേജിൽ വിദ്യാർത്ഥിയായതോടെ തിരുവനന്തപുരമായി പ്രവർത്തന കേന്ദ്രം. അടിയന്തരാവസ്ഥ കഴിഞ്ഞ് എസ്.എഫ്.ഐ സംസ്ഥാന ചുമതല ഒഴിഞ്ഞു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പദം മാത്രം നിലനിറുത്തി. അതിന് ശേഷമാണ് പാർട്ടി ജില്ലാ കമ്മിറ്റി അംഗത്വം ആലപ്പുഴയിലേക്ക് മാറ്റിയത്. കോളേജ് പഠനത്തിന് എത്തും മുമ്പ് ജന്മദേശത്ത് പാർട്ടി അംഗത്വമുണ്ടായിരുന്നെങ്കിലും സംഘടനാ രംഗത്ത് അടിത്തറ ഒരുക്കിയത് കൊല്ലത്താണെന്ന് പറയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |