
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനം കൊല്ലത്ത് ഇന്ന് തുടങ്ങുമ്പോൾ സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്ക് ഓർമ്മകളുടെ തിരയിളക്കം. 1995ൽ കൊല്ലത്ത് സമ്മേളനം നടക്കുമ്പോൾ ചുവപ്പുസേനയുടെ ക്യാപ്ടനായിരുന്നു സൂസൻ കോടി. ഹർകിഷൻ സിംഗ് സുർജിത്തിനും ഇ.എം.എസിനൊപ്പം അന്നെടുത്ത ചിത്രങ്ങൾ ഈ സമ്മേളന കാലയളവിൽ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
അന്ന് സാധാരണ ഡി.വൈ.എഫ്.ഐ പ്രവർത്തക മാത്രമായിരുന്നുവെങ്കിൽ, ഇന്ന് അറുപത്തിയാറാം വയസിലും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നിവയടക്കം നിരവധിയായ സ്ഥാനങ്ങൾ സൂസൻ കോടിക്കുണ്ട്. സമ്മേളനത്തിന്റെ സംഘാടകരിൽ പ്രമുഖയുമാണ്. 1995ൽ കൊല്ലത്ത് പാർട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ റെഡ് വോളണ്ടിയർ ക്യാപ്ടനായിരുന്നു സൂസൻ കോടിയെങ്കിൽ, മക്കളും ചുവപ്പ് വസ്ത്രമണിഞ്ഞ് പരേഡിനുണ്ടായിരുന്നു. ഭർത്താവ് ജോർജ് കോടിയാണ് ക്യാപ്ടനുള്ള വസ്ത്രം പ്രത്യേകം തയ്യാറാക്കിച്ചത്. എല്ലാ റെഡ് വോളണ്ടിയർമാരെപ്പോലെ കോട്ടൺ ഷർട്ടും പാന്റും പൊലീസിന്റെ പോലെ ക്യാപ്പുമായിരുന്നു ആദ്യം നിശ്ചയിച്ച വേഷം. എന്നാൽ ക്യാപ്ടന് പ്രത്യേകം ഡ്രസ് വേണമെന്ന നിശ്ചയത്തോടെ തിരുവനന്തപുരത്ത് പോയാണ് ജോർജ് കോടി റെഡ് വെൽവെറ്റ് തുണിയെടുത്ത് തയ്പിച്ചത്. തൊപ്പിയിലെ അരിവാൾ ചുറ്റികയും സി.പി.എം എന്ന മെറ്റൽ പാർട്സും ചെമ്പ് കോയിൻ കൊടുത്ത് പണിയിപ്പിച്ചെടുത്തതുമാണ്. ഇരുപത് പൈസായുടെ തുട്ടാണ് എംബ്ളം ആയി മാറിയത്. പൊലീസുകാരുടെ ബൂട്ട്സും കിട്ടി. മടിച്ചുമടിച്ചാണ് അന്ന് സൂസൻകോടി ആ ഡ്രസ് ഇട്ടതെന്ന് മക്കളുൾപ്പടെ ഓർക്കുന്നു. കോളേജ് പഠനകാലത്ത് എൻ.സി.സി കേഡറ്റായിരുന്നതിനാൽ റെഡ് വോളണ്ടിയർ ക്യാപ്ടനായി സൂസൻകോടി ശരിക്കും കസറി. സമ്മേളനത്തിനിടയിൽ ഇ.എം.എസിനോട് ഒരു ചിത്രമെടുത്തോട്ടെയെന്ന് ചോദിച്ചപ്പോഴാണ് സുർജിത്തിനും ഇ.എം.എസിനും ഇടയിൽ നിന്ന് ചിത്രമെടുക്കാൻ അവസരം ലഭിച്ചത്.
ഈ ചിത്രം വല്ലാത്ത അഭിമാനമാണ്. അന്ന് സഖാവ് ഇ.എം.എസിനോട് ചിത്രമെടുത്തോട്ടെയെന്ന് ചോദിച്ചു. വശത്ത് നിൽക്കാനാണ് തീരുമാനിച്ചത്. എന്നാൽ സുർജിത്ത് സഖാവിന്റെയും ഇ.എം.എസിന്റെയും ഇടയ്ക്ക് നിറുത്തി ഫോട്ടോ എടുത്തു.
സൂസൻ കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |