കൊല്ലം: നിർമ്മാണം പൂർത്തിയായി രണ്ട് വർഷത്തിന് ശേഷം ലിങ്ക് റോഡ്-ഓലയിൽക്കടവ് പാലം ഇന്നലെ ഉച്ചയോടെ തുറന്നു. കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെത്തി ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ പാലം തുറന്നത്.
ആശ്രാമം മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വരെയുള്ള ലിങ്ക് റോഡ് നവീകരണം പൂർത്തിയാക്കി തുറക്കുമ്പോൾ ലിങ്ക് റോഡ് പാലവും തുറക്കുമെന്നായിരുന്നു നേരത്തെ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ വ്യാഴാഴ്ച ലിങ്ക് റോഡ് തുറന്നെങ്കിലും പാലം തുറന്നിരുന്നില്ല. ലിങ്ക് റോഡ് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ട്രാൻ. ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെ പാലം നിർമ്മിച്ചത്. പദ്ധതിയുടെ പ്രയോജനം പൂർണമായും ലഭിക്കുന്നതിന് തോപ്പിൽക്കടവിലേക്ക് പാലം നീട്ടുന്ന നാലാംഘട്ടത്തിന് അനുമതി നൽകാതെ മൂന്നാംഘട്ടത്തിൽ നിർമ്മിച്ച പാലം തുറക്കില്ലെന്ന നിലപാടിലായിരുന്നു സ്ഥലം എം.എൽ.എയായ എം.മുകേഷ്.
പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് അനുമതി വൈകുമെന്ന അവസ്ഥ വന്നതോടെയാണ് ലിങ്ക് റോഡ് നവീകരണം പൂർത്തിയാകുന്നതിന് പിന്നാലെ തുറക്കാൻ തീരുമാനിച്ചത്. അഞ്ചാലുമൂട് ഭാഗത്ത് നിന്ന് ട്രാൻ. ഡിപ്പോ ഭാഗത്തേക്ക് മാത്രമുള്ള വൺവേ ഈ പാലത്തിൽ ഏർപ്പെടുത്താനായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ നിലവിൽ നിയന്ത്രണങ്ങളൊന്നും ഇല്ലാത്തതിനാൽ ഇരുവശത്തേക്കും പാലം വഴി വാഹനങ്ങൾ കടന്നുപോകുന്നു. 102 കോടി രൂപ ചെലവിലാണ് പാലം നിർമ്മിച്ചത്.
ലിങ്ക് റോഡ് ഫ്ളൈ ഓവർ
മൂന്നാംഘട്ട ചെലവ് ₹ 102 കോടി
നീളം - 1100 മീറ്റർ
നിർമ്മാണം പൂർത്തിയായിട്ട് 2 വർഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |