കൊല്ലം: നാലര ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം.എയുമായി പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. ഉമയനല്ലൂർ വടക്കുംകര റിജി നിവാസിൽ എ.ഷിജുവാണ് (34) റിമാൻഡിലായത്. പ്രതിയുടെ പക്കൽ നിന്ന് 90 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു.
മാടൻനടയ്ക്ക് സമീപത്തുവച്ച് ചൊവ്വാഴ്ച രാത്രിയാണ് ഷിജു പൊലീസ് പിടിയിലായത്. ഡൽഹിയിൽ നിന്ന് വിമാന മാർഗം എം.ഡി.എം.എയുമായി തിരുവനന്തപുരത്ത് എത്തിയ ഇയാൾ ബസിൽ കൊല്ലത്ത് എത്തിയശേഷം മാടൻനടയ്ക്ക് സമീപത്തുകൂടെ നടന്നുവരുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.
ഷിജു നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. 63 കിലോയോളം കഞ്ചാവുമായി പിടിയിലായ ഒരു കേസ് ഇയാൾക്കെതിരെ ആന്ധ്രയിൽ നിലവിലുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു. അടി വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. കൂടാതെ, ഇത് ആവശ്യക്കാർക്കു തൂക്കി വിൽപന നടത്താനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തി. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, എ.സി.പി എസ്.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് സംഘവും ഇരവിപുരം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |