
ചവറ: ഓമനിച്ച് വളർത്താൻ തത്തകളെ വാങ്ങുമ്പോൾ സൂക്ഷിക്കുക, ഇല്ലെങ്കിൽ ഇരുമ്പഴിക്കുള്ളിലാകും. കാരണം വിൽക്കുന്ന തത്തകളിലേറെയും ഇന്ത്യൻ വന്യജീവി നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്. വേനൽ തുടങ്ങിയതോടെ പാടങ്ങളിലും കാവുകളിലും ഒഴിഞ്ഞ പറമ്പിലെ മരപ്പൊത്തുകളിലും തത്തകളെ കെണിയൊരുക്കി പിടിച്ച് വലിയ വിലയ്ക്ക് വിൽക്കുന്ന സംഘങ്ങൾ വ്യാപകമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ കൂട്ടത്തിലാണ് തത്തകൾ. വിദേശ ഇനം തത്തകളെ വളർത്തണമെങ്കിലും വനം വകുപ്പിന്റെ ലൈസൻസ് വേണം. എന്നാൽ ഇതാരും ഗൗനിക്കാറില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ ഒൻപതാം വകുപ്പനുസരിച്ച് ഇവയെ വേട്ടയാടാനോ കൂടുകളിൽ വളർത്താനോ പാടില്ല. വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷയും 25000 മുതൽ 50000 രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്.
അലങ്കാര പക്ഷികളുടെ കൂടിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിലും അതീവ ശ്രദ്ധ വേണം. പ്രജനം നടത്തി വിൽക്കുന്നവരാണെങ്കിലും, പെറ്റ് ഷോപ്പുകളിലാണെങ്കിലും കൂടുകൾക്ക് നിശ്ചിത വലുപ്പം ഉണ്ടായിരിക്കണം. കൂടുകളിൽ ശുദ്ധജലവും ഭക്ഷണവും ആവശ്യത്തിന് വെളിച്ചവും വേണമെന്നാണ് നിയമം.
സംരക്ഷിത വിഭാഗം
വംശനാശ ഭീഷണി നേരിടുന്നതിനാൽ തത്തകളെ വാങ്ങുന്നത് ജന്തുക്ഷേമ നിയമപ്രകാരം ശിക്ഷാർഹം
1972ലാണ് ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നത്
കാക്ക ഒഴികെയുള്ള എല്ലാ പക്ഷികളും ഈ നിയമത്തിൽ സംരക്ഷിതർ
ഒന്നാം ഷെഡ്യൂളിൽ പരുന്ത് വർഗങ്ങൾ
ജലാശയങ്ങളെ ആശ്രയിക്കുന്ന വെൺപകം. കരണ്ടിക്കൊക്ക് പക്ഷികളും മലമുഴക്കി വേഴാമ്പൽ, ചിലതരം കാടകൾ എന്നിവയും ഉൾപ്പെടും
നാടൻ ഇനങ്ങളായ റിംഗ് നെക്ക് പാരക്കീറ്റ്, മലബാർ പാരക്കീറ്റ്, അലക്സാൻ ഡ്രിയൻ പാരക്കീറ്റ് (മലന്തത്ത), വെർണൽ ഹാംഗിംഗ് പാരക്കീറ്റ്, പ്ലംഹെഡ് പാരക്കീറ്റ് തുടങ്ങിയവ നാലം ഷെഡ്യൂളിൽ ഉൾപ്പെടും
തത്തകൾ
ജനുസുകൾ-86
ഇനങ്ങൾ-372
കാക്ക ഒഴികെയുള്ള മറ്റ് പക്ഷികളെല്ലാം സംരക്ഷിത വിഭാഗത്തിൽപ്പെട്ടവയാണ്. അലങ്കാര പക്ഷികളെ വളർത്തണമെങ്കിലും വന്യജീവി സംരക്ഷണ നിയമം പാലിക്കണം.
വനം വകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |