
കൊല്ലം: രോഗികളെ വലച്ച് ജില്ലാ ആശുപത്രിയിൽ വീണ്ടും മരുന്ന് ക്ഷാമം. കൊടും ചൂടിൽ ഫാർമസിക്ക് മുന്നിൽ ക്യൂ നിന്ന് കൗണ്ടറിന് മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്ന് പറഞ്ഞ് പുറത്തേക്ക് കുറിക്കുന്നത്. പല രോഗങ്ങൾക്കുമുള്ള പ്രധാന മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.
പകർച്ചനി ഉൾപ്പടെ വ്യാപകമായിരിക്കുന്ന സമയത്തെ മരുന്ന് ക്ഷാമം രോഗികളെയും വലയ്ക്കുന്നു. സൗജന്യമായി ലഭിക്കേണ്ട മരുന്നുകൾ വലിയ വിലകൊടുത്താണ് പുറത്തുനിന്ന് വാങ്ങുന്നത്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഭീമമായ തുകയോർത്ത് മരുന്നുകൾ വാങ്ങാതെ മടങ്ങുകയാണ്.
സർക്കാർ ഫണ്ടിന് പുറമെ ജില്ലാ പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചാണ് പ്രാദേശികമായി ജില്ലാ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങുന്നത്. അതേസമയം ആവശ്യത്തിന് മരുന്നുകൾ ഉണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ഉള്ളത് പാരസെറ്റമോൾ
പ്രമേഹരോഗികൾക്കുള്ള ചില മരുന്നുകളും പാരസെറ്റമോൾ പോലുള്ള ഗുളികകളും മാത്രമാണ് നിലവിൽ കൂടുതൽ സ്റ്റോക്കുള്ളത്. വേദനസംഹാരികൾ, ആന്റിബയോട്ടിക് ഗുളികൾ, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ കുറവാണ്. അത്യാവശ്യം വേണ്ടുന്ന പല മരുന്നുകളും പരിമിതമായ സ്റ്റോക്കാണുള്ളത്.
മരുന്ന് ക്ഷാമം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലാ പഞ്ചായത്ത് ഫണ്ടും ഉള്ളതിനാൽ മരുന്നുകൾ തീരുന്നതിനനുസരിച്ച് ലഭ്യമാക്കുന്നുണ്ട്. അന്വേഷിച്ചെങ്കിൽ മാത്രമേ വ്യക്തമായി പറയാൻ കഴിയൂ.
ഡോ. എം.എസ്.അനു
ഡി.എം.ഒ, ജില്ലാ ആശുപത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |