SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

ജില്ലയിൽ ഉയർന്ന താപനില, പടർന്നുപിടിച്ച് മഞ്ഞപ്പിത്തം

കൊല്ലം: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ചിലയിടങ്ങളിൽ മഞ്ഞപ്പിത്ത കേസുകൾ വർദ്ധിച്ചതോടെ പ്രതിരോധം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. മാർച്ചിൽ 15 കേസുകൾ റിപ്പോർട്ട് ചെയ്ത മയ്യനാടാണ് ഉയർന്ന നിരക്കുള്ളത്. ഫെബ്രുവരിയിൽ രണ്ട് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

രോഗബാധിതർ വർദ്ധിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും താരതമ്യേന അപകടകരമല്ലാത്ത ഹെപ്പറ്റൈറ്റിസ് എയാണ് പടരുന്നതെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കുന്നത്തൂർ താലൂക്കിൽ ബി, സി കേസുകൾ ഒറ്രപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മഞ്ഞപ്പിത്ത കേസുകളുണ്ട്.

ചടങ്ങുകളിൽ പങ്കെടുത്തവരിലാണ് മയ്യനാട്ട് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ ഒരു പ്രോഫഷണൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളും രോഗം ബാധിച്ചവരുടെ കൂട്ടത്തിലുണ്ട്. ശീതള പാനീയങ്ങൾ കുടിച്ചതിലൂടെയാണ് കൂടുതൽ പേരിലും രോഗമുണ്ടാകാൻ കാരണമായത്. പ്രൊഫഷണൽ കോളേജിൽ ഈ വർഷാരംഭം 36 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

പ്രധാന കുടിവെള്ള സ്രോതസായ കിണറ്റിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിൾ ജലഅതോറിറ്റിയുടെ ലാബിൽ പരിശോധനയ‌്ക്ക് അയച്ചിരിക്കുകയാണ്.

പരവൂരിൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഓരോ വീട്ടിലെയും കിണർ വെള്ളവും ജലഅതോറിറ്റി ലൈനിലെ വെള്ളവും പ്രത്യേകം ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചപ്പോൾ കിണർ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത് ആശങ്കയ്‌ക്ക് കാരണമായി. സുരക്ഷിക അകലം പാലിക്കാതെ കിണറുകളോട് ചേർന്നുള്ള സെപ്‌റ്റിക് ടാങ്കുകളാണ് വില്ലനാകുന്നത്. മഞ്ഞപ്പിത്തം കഴിഞ്ഞാൽ കൂടുതലായി റിപ്പോർട്ട് ചെയ്തത് മുണ്ടിനീരാണ്. ഡെങ്കു, ടൈഫോയ്ഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കിണറുകളിൽ ഇ-കോളി ബാക്ടീരിയ

 മയ്യനാട്ടെ കിണറുകളിൽ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിദ്ധ്യം

 ആദ്യഘട്ട പരിശോധന പോസിറ്റീവ്

 ഭക്ഷണത്തിലും വെള്ളത്തിലും കൂടി പകരുന്നതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക

 20 മിനിറ്റെങ്കിലും വെള്ളം ചൂടാക്കണം

 ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങുമ്പോൾ കൈകൾ സോപ്പിട്ട് വൃത്തിയാക്കുക

 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക

 സാധാരണ ക്ലോറിനേഷൻ 1000 ലിറ്ററിന് രണ്ടര ഗ്രാം എന്നതാണ്

 സൂപ്പർ ക്ലോറിനേഷനിൽ അത് 5 ഗ്രാമാകും


ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

 സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ എൽക്കുന്നത് ഒഴിവാക്കണം

 രാവിലെ 11 മുതൽ വൈകിട്ട് 3 വരെ കൂടുതൽ വെയിലേൽക്കരുത്

 അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

 പാദരക്ഷകൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കണം

 ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക

 കുട്ടികൾക്ക് ഇടയ്‌ക്കിടെ വെള്ളം നൽകണം

 ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം ധാരാളം കുടിക്കുക

 തണ്ണിമത്തൻ, ഓറഞ്ച്, പഴങ്ങൾ, പച്ചക്കറി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത് ജില്ലയിൽ ഉയർന്ന താപനില യു.വി ഇൻഡക്‌സ് 8 രേഖപ്പെടുത്തിയ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. ഗൗരവമേറിയ മൂൻകരുതലുകൾ സ്വീകരിക്കണം.

ജില്ലാ മെഡിക്കൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL