
കൊല്ലം: ഓപ്പറേഷൻ ഡി-ഹണ്ടിനിടയിൽ അനിശ്ചിതത്വത്തിലായി കേരള പൊലീസിന്റെ കൂട്ട്. ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കുന്നതിന് സൈബർ സുരക്ഷയ്ക്കായി കേരള പൊലീസ് നടപ്പാക്കിയ പദ്ധതിയാണ് 'കൂട്ട്". നേരത്തേ നടപ്പാക്കിയ ‘കിഡ്‌സ് ഗ്ലോവ്’ പദ്ധതിയുടെ തുടർച്ചയാണ് പദ്ധതി.
മൊബൈൽ ഫോണിന് അടിപ്പെടുന്ന കുട്ടികളെ മോചിതരാക്കാനും ബോധവത്കരിക്കാനുമാണ് പദ്ധതിക്ക് രൂപം നൽകിയത്. ഇതിന്റെ ഭാഗമായി കൗൺസലിംഗും നൽകും. സി.സി.എസ്.ഇ, ബച്ച്പൻ ബച്ചാവോ ആന്തോളൻ (ബി.ബി.എ), ചൈൽഡ്‌ലൈൻ, ഫേസ്ബുക്ക്, ഇൻകെർ റോബോട്ടിക്‌സ്, മക്‌ലാബ്‌സ്, ഐ.എം.എ, ബോധിനി സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണ വീഡിയോകൾ തടയാനുള്ള ഓപ്പറേഷൻ പി-ഹണ്ടിൽ ഓൺലൈൻ കേസുകൾ വർദ്ധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കൂട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. അപക്വമായ ഇന്റർനെറ്റ് ഉപയോഗത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരാണെന്ന് മനസിലാക്കി സ്കൂൾതലത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകുന്ന പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കിയിരുന്നത്.
ആദ്യഘട്ടമായി, തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ കുട്ടികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഓൺലൈൻ ചൂഷണങ്ങൾ നേരിടാൻ സജ്ജമാക്കുകയും രണ്ടാം ഘട്ടത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ അസോസിയേഷൻ ഫോർ വൊളണ്ടിയർ ആക്ഷൻ, പൊലീസുമായി സഹകരിച്ച് കൗൺസലിംഗ് സെന്ററുകൾ സ്ഥാപിക്കുകയുമാണ് ചെയ്തിരുന്നത്.
നല്ലനിലയിൽ പ്രവർത്തിരുന്ന പദ്ധതിയാണ് ഇപ്പോൾ ജില്ലയിൽ താളം തെറ്റിയിരിക്കുന്നത്.
പൊലീസ് മയക്കുമരുന്ന് കേസുകൾക്ക് പിന്നാലെ
ഓപ്പറേഷൻ ഡി-ഹണ്ട് പദ്ധതി ജില്ലയിൽ വ്യാപകമാക്കി
ഇതോടെ കൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് മങ്ങലേറ്റു
ഓരോ ജില്ലകളിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക കൗൺസിലർമാർ
സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവർക്ക് നിയമസഹായം, മാനസിക പിന്തുണ, പുനരധിവാസം
ചൂഷണങ്ങൾക്കിരയായ കുട്ടികളെ ജിവിതത്തിലേക്ക് തിരികെ കൊണ്ടുവരൽ
കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ പിന്തുണ
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓപ്പറേഷൻ ഡി-ഹണ്ടിനാണ് കൂടുതൽ പ്രാധാന്യം. കൂട്ടിന്റെ പ്രവർത്തനങ്ങൾ തത്കാലത്തേക്ക് മാറ്റിവച്ചെന്നേയുള്ളു. ഉടൻ തുടർ പ്രവർത്തനം ആരംഭിക്കും.
പൊലീസ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |