ഡോറുകൾ അടയ്ക്കാറില്ല, അമിത ധൃതിയും
കൊല്ലം: അപകടങ്ങൾ വർദ്ധിച്ചിട്ടും നിയമലംഘനം ഒഴിവാക്കി സർവീസ് നടത്താൻ സ്വകാര്യ ബസുകൾ തയ്യാറാകുന്നില്ല. ഒട്ടുമിക്ക ബസുകളിലും ഓട്ടോമാറ്റിക വാതിലുകളുണ്ടെങ്കിലും എപ്പോഴും തുറന്നുതന്നെ കിടക്കും. അമിത വേഗത്തിൽ പോവുന്ന ബസുകളിൽ നിന്ന് യാത്രക്കാർ വാതിലുകളിലൂടെ തെറുച്ചു വീണ സംഭവങ്ങൾ ആവർത്തിച്ചിട്ടും ബസ് ജീവനക്കാർ ഇക്കാര്യം ഗൗനിക്കുന്നില്ല.
ചില ബസുകളാകട്ടെ മുൻവശത്തെ വാതിൽ അടയ്ക്കുമെങ്കിലും പിൻ വാതിൽ തുറന്നിട്ടാണ് യാത്ര. രണ്ടും മൂന്നും മിനിട്ടുകളുടെ വ്യത്യാസത്തിലാണ് ബസുകളുടെ ഷെഡ്യൂളുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമയത്ത് ഓടിയെത്തേണ്ടി വരുന്നതിനാൽ തിരക്കു കൂട്ടുന്നതും അപകടം ക്ഷണിച്ചു വരുത്തുകയാണ്. പ്രായം ചെന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർ കയറും മുൻപേ ഡബിൾ ബെൽ അടിച്ച് വിടും. ട്രാഫിക് സിഗ്നലുകൾ അവഗണിക്കുക, സിഗ്നലുകളിൽ കിടക്കുന്ന വാഹനങ്ങളുടെ ഇടതുവശത്തുകൂടി നിറുത്താതെ ഹോൺ മുഴക്കി മുന്നിൽ കയറുക എന്നിവ സ്ഥിരം കാഴ്ചയാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചും മറ്റുള്ളവരോട് സംസാരിച്ചും വാഹനം ഓടിക്കുന്നതും പതിവാണ്. സ്റ്റാൻഡിൽ പോലും ഒട്ടും ചിട്ടയല്ലാത്ത രീതിയിലാണ് ബസുകൾ നിറുത്തുന്നത്. യൂണിഫോം, നെയിംബാഡ്ജ് എന്നിവയും ധരിക്കാറില്ല. ബ്ലോക്കിൽപ്പെടാതിരിക്കാൻ സ്ഥലപരിമിതിയുള്ള ഇടറോഡുകളിലൂടെ വേഗത്തിൽ കടക്കാൻ ശ്രമിക്കും. ഈ സമയങ്ങളിൽ റോഡരികിൽ നിറുത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങളിൽ തട്ടുന്നതും പതിവാണ്.
സന്ധ്യയോടെ ഫുൾ സ്റ്റോപ്പ്!
സന്ധ്യയായിക്കഴിഞ്ഞാൽ മിക്ക ബസുകളും സർവീസ് പൂർത്തിയാക്കാതെ അവസാനിപ്പിക്കും. സമയം കഴിഞ്ഞെന്ന് പറഞ്ഞ് സ്റ്റോപ്പുകളിൽ നിറുത്തില്ല. നടുറോഡിൽ നിറുത്തി യാത്രക്കാരെ കയറ്റിറക്കുന്നതും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതും ചില ബസുകാരുടെ വിനോദമാണ്. ട്രാഫിക് പൊലീസിലാണ് കൂടുതൽ പരാതികൾ എത്തുന്നത്. അതത് ഏരിയയിലെ പൊലീസ് പരിശോധന കർശനമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മത്സരയോട്ടം
മത്സരയോട്ടത്തിൽ സ്വകാര്യബസുകളെ തോൽപ്പിക്കാനുള്ള വ്യഗ്രതയിലാണ് കെ.എസ്.ആർ.ടി.സി ബസുകളും. തിരക്കേറിയ സ്ഥലങ്ങളിൽ പോലും ഇരുചക്രവാഹനയാത്രക്കാരെ ഉൾപ്പെടെ ശ്രദ്ധിക്കാതെയാണ് സ്വകാര്യബസുകളുമായി കെ.എസ്.ആർ.ടി.സി മത്സരിക്കുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സീബ്രാ ലൈനിലേക്ക് കയറ്റി നിറുത്തുന്നതിനാൽ കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം 2,543 സ്വകാര്യ ബസുകളും 806 കെ.എസ്.ആർ.ടി.സി ബസുകളും സംസ്ഥാനത്ത് അപകടങ്ങളുണ്ടാക്കി.
പരിശോധനകൾ നടത്തുന്നുണ്ട്. ശ്രദ്ധയിൽപ്പെടുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നുമുണ്ട്
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |