SignIn
Kerala Kaumudi Online
Sunday, 07 June 2026 5.57 AM IST

കല്ലുംതാഴത്ത് സർവീസ് ആർ.ഒ.ബിക്ക് പഠനം

rob

കൊല്ലം: കല്ലുംതാഴം ആർ.ഒ.ബിയുടെ ഇരുവശങ്ങളിലും വശങ്ങളിൽ സർവീസ് റോഡ് നിർമ്മിക്കുന്നത് സംബന്ധിച്ച് എൻ.എച്ച്.എ.ഐ തിരുവനന്തപുരം പ്രോജക്ട് ഇംപ്ളിമെന്റേഷൻ യൂണിറ്റും കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജും സംയുക്തമായി പഠനം നടത്തും. എൻ.എച്ച്.എ.ഐ, കരാർ കമ്പിനി പ്രതിനിധികളെ പങ്കെടുപ്പിച്ച് കളക്ടർ ഇന്നലെ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

കൊല്ലം -തിരുമംഗലം ദേശീയപാതയിലൂടെ കല്ലുംതാഴം ജംഗ്ഷനിലെത്തുന്ന വലിയ വാഹനങ്ങൾക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകാനായി ദേശീയപാത 66ൽ പ്രവേശിപ്പിക്കാൻ ഒൻപത് കിലോമീറ്ററോളം ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. ഇതിന് പുറമേ കൊട്ടിയം ഭാഗത്ത് നിന്ന് ആറുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് കല്ലുംതാഴം ജംഗ്ഷനിലെ സർവീസ് റോഡിലെത്താനും കിലോമീറ്ററുകൾ വെറുതെ സഞ്ചരിക്കണം. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർവീസ് ആർ.ഒ.ബി ആലോചിക്കുന്നത്.

കൊല്ലം -തിരുമംഗലം ദേശീയപാതയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കല്ലുംതാഴം ജംഗ്ഷനിൽ റാമ്പ് നിർമ്മിക്കുന്നത് സംബന്ധിച്ച പഠനം നടത്തിയെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.

ചുറ്റിക്കറക്കം 9 കിലോമീറ്റർ

ജംഗ്ഷനിൽ വലിയ വാഹനങ്ങൾക്ക് ദേശീയപാത 66ൽ പ്രവേശിപ്പിക്കാൻ ഒൻപത് കിലോമീറ്ററോളം ചുറ്റിക്കറങ്ങണം

 നിലവിലുള്ള സർവീസ് റോഡ് അപ്രോച്ചാകും
 സർവീസ് ആർ.ഒ.ബിയിലേക്ക് പ്രവേശിക്കാൻ പുതിയ സർവീസ് റോഡ് വേണം
 മൂന്ന് മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കണം

 പുതിയ നിർമ്മാണത്തിന് റെയിൽവേയുടെ അനുമതി വേണം

കല്ലുംതാഴം ജംഗ്ഷൻ മൂന്നാഴ്ചയ്ക്കകം തുറക്കും

മഴ കനത്തില്ലെങ്കിൽ കല്ലുംതാഴം ജംഗ്ഷനിൽ അടച്ച ദേശീയപാത 66ലെ ഗതാഗതം മൂന്നാഴ്ചയ്ക്കുള്ളിൽ പുനരാരംഭി​ക്കും. 11.5 മീറ്റർ വീതിയുള്ള പഴയ ആർ.ഒ.ബി മൂന്ന് വരിയാക്കിയാണ് തുറക്കുന്നത്. വർക്ക് പ്ലാൻ പ്രകാരം ഈമാസം 22ന് നിർമ്മാണം പൂർത്തിയാകും.

കഴിഞ്ഞമാസം അവസാനം പഴയ ആർ.ഒ.ബി തുറക്കാനായിരുന്നു നേരത്തെയുള്ള ധാരണ. എന്നാൽ വേനൽ മഴ മേയ് അവസാനവാരം കനത്തതോടെ നിർമ്മാണം സ്തംഭിച്ചു. പഴയ ആർ.ഒ.ബിയിലേക്കുള്ള ഇരുവശത്തെയും റോഡ് അപ്രോച്ചുകളിൽ മണ്ണ് നിറച്ച് ടാർ ചെയ്യലാണ് ബാക്കി നിൽക്കുന്നത്. പഴയ ആർ.ഒ.ബി തുറക്കുന്നതോടെ കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് കല്ലുംതാഴം ഫ്ലൈ ഓവർ വഴി കടന്നുപോകാനാകും.

13 മീറ്റർ വീതിയിലുള്ള പുതിയ ആർ.ഒ.ബിയുടെ നിർമ്മാണം പൂർത്തിയാകാൻ ഇനി ഒന്നരമാസം കൂടി വേണ്ടിവരും. മാർച്ച് മൂന്നാം വാരമാണ് ആർ.ഒ.ബിയുടെയും അപ്രോച്ച് റോഡി​ന്റെയും നിർമ്മാണത്തിനായി ദേശീയപാത 66ൽ കല്ലുംതാഴം ജംഗ്ഷൻ അടച്ചത്. അതിന് ശേഷം ദേശീയപാത 66ൽ കല്ലുംതാഴം ജംഗ്ഷൻ കടക്കേണ്ട വാഹനങ്ങൾ പഴയ എൻ.എച്ച് 66ലൂടെയും ഇടറോഡുകളിലൂടെയുമാണ് കടന്നുപോകുന്നത്.

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായുള്ള കല്ലുംതാഴം ജംഗ്ഷനിലെ വികസന നിർദേശം അശാസ്ത്രീയമാണ്. ഗുരുതരമായ ഗതാഗത പ്രതിസന്ധിയാണ് ജംഗ്ഷനിലുള്ളത്. ഇത് പരിഹരിക്കണമെന്ന തന്റെ ആവശ്യപ്രകാരമാണ് കളക്ടർ ഇന്നലെ യോഗം വിളിച്ചുചേർത്തത്. പ്രശ്നം പരിശോധിച്ച് ശാസ്ത്രീയമായ നിർദ്ദേശം സമർപ്പിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL