SignIn
Kerala Kaumudi Online
Sunday, 07 June 2026 5.57 AM IST

കാലവർഷം എത്തിയിട്ടും ജില്ലയിൽ 44% മഴക്കുറവ്‌

​കൊല്ലം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലവർഷം ശക്തമാകുമ്പോഴും ജില്ലയിൽ മടിച്ചുമടിച്ചാണ് മഴ പെയ്യുന്നത്. സീസണിൽ ലഭിക്കേണ്ട ശരാശരി മഴയുടെ പകുതിയോളമാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളിൽ സാധാരണ രീതിയിൽ മഴ ലഭിക്കുമ്പോഴാണ് കൊല്ലത്തെ ഈ വരണ്ട സാഹചര്യം.

​ഇത്തവണ വേനൽമഴയും ജില്ലയിൽ കാര്യമായി ലഭിച്ചിരുന്നില്ല. കിഴക്കൻ മേഖലകളിൽ മാത്രമാണ് ചെറിയ തോതിലെങ്കിലും അന്ന് മഴയെത്തിയത്. കാലവർഷം എത്തിയ ആദ്യ ദിവസം മാത്രമാണ് ജില്ലയിൽ പരക്കെ നല്ല രീതിയിൽ മഴ ലഭിച്ചത്. എന്നാൽ പിന്നീട് വന്ന ദിവസങ്ങളിൽ മഴ പെയ്യാൻ മറന്ന അവസ്ഥയാണ്.

​ജില്ലയിൽ ഈ സമയത്ത് ലഭിക്കേണ്ട ശരാശരി മഴ 86.2 മില്ലി മീറ്റർ ആണെങ്കിൽ, നിലവിൽ ലഭിച്ചത് 44.8 മില്ലി മീറ്റർ മാത്രമാണ്. അതായത്, 44 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

​മദ്ധ്യ-കിഴക്കൻ അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ തീരദേശ കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലകൊള്ളുന്നുണ്ട്. കൂടാതെ വടക്കൻ ആൻഡമാൻ കടലിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി നിലവിൽ മ്യാൻമാറിനും അതിനോട് ചേർന്നുള്ള ആൻഡമാൻ കടലിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ സജീവമായി തുടരുന്നത്. എങ്കിലും കൊല്ലത്തിന് പ്രതീക്ഷിച്ച മഴ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

​സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ

തീവ്രമഴയ്ക്ക് സാദ്ധ്യത

​കൊല്ലത്ത് മഴ കുറവാണെങ്കിലും സംസ്ഥാനത്ത് കാലവർഷവും ചക്രവാതച്ചുഴിയും തുടരുന്നതിനാൽ ചൊവ്വാഴ്ച വരെ അതിതീവ്രവും അതിശക്തവുമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനുശേഷം മഴയുടെ ശക്തി കുറഞ്ഞേക്കും. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട്

ഇന്ന്‌: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

തിങ്കൾ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

ചൊവ്വ: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

​യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ശക്തമായ മഴയും ഒപ്പം ഇടിമിന്നലും പ്രതീക്ഷിക്കാം.

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ മഴ

​പാരിപ്പള്ളി: 7.5 മില്ലി മീറ്റർ

​കൊല്ലം നഗരം: 7.5 മി.മീ

​പുനലൂർ: 3.8 മി.മീ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL